ഇനി റേഷൻ കടകളെ ‘സ്മാർട്ട് റീട്ടെയിൽ ഔട്ട്‌ലെറ്റുകളുടെ’ ശൃംഖലയാക്കി മാറ്റുന്നു; ഗ്യാസ്, പാല്‍, പലചരക്ക്, ബാങ്ക് എല്ലാം ഇനി റേഷന്‍ കടകൾ വഴിയും..

സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി റേഷൻ കടകളെ ‘സ്മാർട്ട് റീട്ടെയിൽ ഔട്ട്‌ലെറ്റുകളുടെ’ ശൃംഖലയാക്കി മാറ്റാൻ സർക്കാർ വിഷൻ 2031 പദ്ധതി ആവിഷ്കരിക്കുന്നു. നിലവിലെ ഭക്ഷ്യധാന്യ വിതരണ കേന്ദ്രങ്ങളെ കൂടുതൽ ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന കൺവീനിയൻസ് സ്റ്റോറുകളാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

റേഷൻ കടകളിലൂടെ പാൽ, പലചരക്ക് സാധനങ്ങൾ, പാചക വാതകം, സ്റ്റേഷനറി എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാനുള്ള സാധ്യതകളാണ് സർക്കാർ പരിശോധിക്കുന്നത്.

നിലവിൽ ഭക്ഷ്യധാന്യങ്ങൾ മാത്രം വിതരണം ചെയ്യുന്ന റേഷൻ കടകളിലൂടെ മിൽമ, സപ്ലൈകോ, കേരഫെഡ്, ഇന്ത്യൻ ഓയിൽ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും വീട്ടുപകരണങ്ങൾ, കാർഷികാവശ്യങ്ങൾക്കുള്ള സാധനങ്ങൾ എന്നിവയും ഉൾപ്പെടുത്തും.

റേഷൻ കടകളെ മാവേലി സ്റ്റോറുകളാക്കി മാറ്റുന്നതിനുള്ള നിർദ്ദേശം വിഷൻ 2031 സെമിനാറിൽ ഉരുത്തിരിഞ്ഞതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ.

സപ്ലൈകോയുടെ 17 സബ്‌സിഡി ഉൽപ്പന്നങ്ങൾ ക്രെഡിറ്റ് വ്യവസ്ഥയിൽ റേഷൻ കടകളിലേക്ക് എത്തിക്കും. ചെറുകിട ബാങ്കിങ് സേവനം, പാചക വാതക വിതരണം തുടങ്ങിയ സംവിധാനങ്ങളും റേഷൻ കടകൾ വഴി ലഭ്യമാക്കും.

ആധുനിക ബില്ലിംഗ് സംവിധാനങ്ങൾ, ഡിജിറ്റൽ ഇൻവെന്ററി മാനേജ്‌മെന്റ് എന്നിവയിലൂടെ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് ഏകദേശം 470 കോടി രൂപ ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ. പൊതുവിതരണ കേന്ദ്രങ്ങൾ മാവേലി സ്റ്റോറുകളാക്കി മാറ്റുന്നത് റീട്ടെയിൽ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിയിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button