അഹ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരങ്ങളിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജദേജ ഇനി നാലാമത്. അഹ്മദാബാദിൽ വെസ്റ്റിൻഡീസിനെതിരായെ ഒന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്. 86 ടെസ്റ്റുകളിൽനിന്ന് 79 സിക്സുകളാണ് താരം ഇതുവരെ നേടിയത്. 90 ടെസ്റ്റുകളിൽനിന്ന് 78 സിക്സുകൾ നേടിയ മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയെയാണ് മറികടന്നത്. രണ്ടാം സെഷനിൽ ജോമെൽ വാരികൻ എറിഞ്ഞ പന്തിൽ ഇന്നിങ്സിലെ നാലാം സിക്സ് കണ്ടെത്തിയാണ് താരം എലീറ്റ് ക്ലബിലെത്തിയത്. വീരേന്ദർ സെവാഗ് (104 ടെസ്റ്റുകളിൽ 91 സിക്സ്), ഋഷഭ് പന്ത് (47 ടെസ്റ്റുകളിൽ 90 സിക്സ്), രോഹിത് ശർമ (67 ടെസ്റ്റുകളിൽ 88 സിക്സ്) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. സെഞ്ച്വറിയുമായി ജദേജ (176 പന്തിൽ 104) ക്രീസിലുണ്ട്. ഈ വർഷം ഏഴാം തവണയാണ് താരം ടെസ്റ്റിൽ 50 പ്ലസ് സ്കോർ നേടുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ റൺവേട്ടക്കാരനിൽ നാലാമനായാണ് ഫിനിഷ് ചെയ്തത്. 10 ഇന്നിങ്സുകളിൽനിന്ന് 516 റൺസ്. ഒരു സെഞ്ച്വറിയും അഞ്ചു അർധ സെഞ്ച്വറികളും ഉൾപ്പെടും. 86.00 ആണ് ശരാശരി. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിൽ കെ.എൽ. രാഹുലിനു പിന്നാലെ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലും ജദേജയും സെഞ്ച്വറി കണ്ടെത്തിയതോടെ ഇന്ത്യ വമ്പൻ സ്കോറിലേക്ക് കുതിക്കുകയാണ്. ഇന്ത്യ 128 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 448 റൺസെന്ന നിലയിലാണ് രണ്ടാംദിനം സ്റ്റമ്പെടുത്തത്. ലീഡ് 286 റൺസ്. ജുറേലിന്‍റെ കന്നി സെഞ്ച്വറിയാണിത്. 190 പന്തിൽ രണ്ടു സിക്സും 12 ഫോറുമടക്കമാണ് താരം മൂന്നക്കത്തിലെത്തിയത്. 210 പന്തിൽ 125 റൺസെടുത്ത് ജുറേൽ പുറത്തായി. 168 പന്തിൽ അഞ്ചു സിക്സും ആറു ഫോറുമടക്കമാണ് ജദേജ സെഞ്ച്വറിയിലെത്തിയത്. കെ.എൽ. രാഹുൽ 197 പന്തിൽ 100 റൺസെടുത്ത് പുറത്തായി. നായകൻ ശുഭ്മൻ ഗിൽ അർധ സെഞ്ച്വറി നേടി. രണ്ടിന് 121 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് നായകൻ ശുഭ്മൻ ഗില്ലിന്‍റെ വിക്കറ്റാണ് രണ്ടാംദിനം ആദ്യം നഷ്ടമായത്. അർധ സെഞ്ച്വറി നേടിയ താരത്തെ റോസ്റ്റൺ ചേസ് ജസ്റ്റിൻ ഗ്രീവ്സിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. 100 പന്തിൽ അഞ്ച് ബൗണ്ടറികൾ ഉൾപ്പെടെ 50 റൺസാണ് താരം നേടിയത്. പിന്നാലെ ക്രീസിലെത്തിയ ജുറേലിനെ സാക്ഷിയാക്കിയാണ് രാഹുൽ തന്‍റെ ടെസ്റ്റ് കരിയറിലെ 11-ാം സെഞ്ച്വറി പൂർത്തിയാക്കിയത്. 190 പന്തിൽ 12 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് താരം ശതകം പൂർത്തിയാക്കിയത്. തൊട്ടുപിന്നാലെ ജോമൽ വാരികാന്‍റെ പന്തിൽ ജസ്റ്റിൻ ഗ്രീവ്സിന് ക്യാച്ച് നൽകി താരം മടങ്ങി. അഞ്ചാം വിക്കറ്റിൽ ജുറേലും രവീന്ദ്ര ജദേജയും ക്രീസിൽ നിലയുറപ്പിച്ചു. സ്കോർ 424 ൽ നിൽക്കെയാണു ജുറേൽ പുറത്തായത്. അരങ്ങേറ്റ മത്സരം കളിക്കുന്ന ഖാരി പിയറുടെ പന്തിൽ വിക്കറ്റ് കീപ്പർ ഷായ് ഹോപ് ക്യാച്ചെടുത്താണ് താരം ഔട്ടായത്. ഇരുവരും 206 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്.
