പെർത്: രണ്ടു ദിവസം കൊണ്ട് അഞ്ചു ദിവസം ദൈർഘ്യമുള്ള ടെസ്റ്റ് മത്സരത്തിന് അന്ത്യം കുറിച്ചപ്പോൾ പെർത്തിലെ പിച്ചിൽ പിറന്നത് ആഷസ് ചരിത്രത്തിലെ അപൂർവ റെക്കോഡ്. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ രണ്ടാം ദിനം ആസ്ട്രേലിയ എട്ടു വിക്കറ്റിന്റെ വിജയം ആഘോഷിച്ചപ്പോൾ ലോകത്തെ ഏറ്റവും പൈതൃകമുള്ള ക്രിക്കറ്റ് ടൂർണമെന്റിലും ചരിത്രം പിറന്നു. 104വർഷത്തിനു ശേഷം ആദ്യമായി ഒരു ആഷസ് ടെസ്റ്റ് രണ്ടു ദിവസം കൊണ്ട് തീർപ്പായെന്ന റെക്കോഡ്. 1921ലായിരുന്നു രണ്ടു ദിവസം കൊണ്ട് ആസ്ട്രേലിയ ആഷസ് ജയിച്ച് അപൂർവമായൊരു റെക്കോഡ് കുറിച്ചത്. മൂന്നു ദിവസങ്ങളിലായാണ് കളി നടന്നതെങ്കിലും, ഇടയിലെ ദിവസം പൂർണമായും വിശ്രമം അനുവദിച്ചാണ് കളി നടന്നത്. വാർവിക് ആംസ്ട്രോങ് നയിച്ച ഓസീസ് ഇംഗ്ലണ്ടിലെ നോട്ടിങ്ഹാമിൽ നടന്ന മത്സരത്തിൽ പത്തു വിക്കറ്റിനാണ് ജയിച്ചത്. ഇതിനു ശേഷം, ഒരിക്കൽപോലും മത്സര ഫലം രണ്ടു ദിവസത്തിൽ പിറന്നില്ല. ഒടുവിൽ, ക്രിക്കറ്റ് പല മാറ്റങ്ങൾ ഉൾകൊണ്ട് അതിവേഗത്തിൽ മാറിയ ശേഷമാണ് 104 വർഷത്തിനു ശേഷം ചരിത്രം ആവർത്തിക്കുന്നത്. ഒന്നാം ഇന്നിങ്സിൽ 40 റൺസിന്റെ ലീഡ് വഴങ്ങിയ ശേഷമായിരുന്നു ആസ്ട്രേലിയ രണ്ടാം ഇന്നിങ്സിലെ തകർപ്പൻ പ്രകടനവുമായി കളി ജയിച്ചത്. ട്രാവിസ് ഹെഡും (123), മാർനസ് ലബുഷെയ്നും (51) മികച്ച പ്രകടനം കാഴ്ച വെച്ച മത്സരത്തിൽ എട്ടു വിക്കറ്റിന് ജയം സ്വന്തമാക്കി. രണ്ട് ഇന്നിങ്സിലുമായി 11 വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർകാണ് കളിയിലെ കേമൻ.അതിവേഗ സെഞ്ച്വറി ആസ്ട്രേലിയക്ക് ചരിത്ര ജയം സമ്മാനിച്ച ഇന്നിങ്സുമായി ട്രാവിസ് ഹെഡ് കുറിച്ചത് പുതിയ ചരിത്രം. ആഷസ് ചരിത്രത്തിൽ രണ്ടാമത്തെ അതിവേഗ സെഞ്ച്വറിയാണ് താരം കുറിച്ചത്. 57 പന്തിൽ 100 തികച്ച ആഡം ഗിൽ ക്രിസ്റ്റിനാണ് അതിവേഗ സെഞ്ച്വറിയുടെ റെക്കോഡ്. 19 വർഷം മുമ്പായിരുന്നു ഈ നേട്ടം. ട്രാവിസ് ഹെഡ് 69പന്തിൽ 100 തികച്ച് രണ്ടാമത്തെ അതിവേഗ സെഞ്ച്വറിയുടെ അവകാശിയായി. 83 പന്തിൽ നാല് സിക്സും, 16 ബൗണ്ടറിയുമായി 123റൺസ് നേടിയാണ് ട്രാവിസ് ഹെഡ് ഓസീസ് വിജയത്തിന്റെ നട്ടെല്ലായ ഇന്നിങ്സ് പടുത്തുയർത്തിയത്.


