സിക്സറുകളുടെ രാജാവ്, വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ, അഫ്രീദിയ പിൻന്തള്ളി ഒന്നാം സ്ഥാനത്ത്
സൗത്ത് ആഫ്രിക്കയ്ക്കെതിരെ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 17 റൺസിന്റെ വിജയം. വിരാട് കോഹ്ലി, രോഹിത് ശർമ്മ, കെ എൽ രാഹുൽ, കുൽദീപ് യാദവ്, ഹർഷിത്ത് റാണ എന്നിവരുടെ മികവിലാണ് ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് വിജയിക്കാനായത്. 120 പന്തിൽ 135 റൺസ് നേടിയ വിരാട് കോഹ്ലിയാണ് മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് നേടി. മറുപടി ബാറ്റിങ്ങിന്റെ അവസാന ഓവർ വരെ മത്സരം ആവേശകരമായി നിന്നിരുന്നു.
മത്സരത്തിൽ രോഹിത് ശർമ്മ മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. 51 പന്തിൽ 5 ഫോറും, 3 സിക്സും അടക്കം 57 റൺസാണ് താരം അടിച്ചെടുത്തത്. ഓപണർ ജയ്സ്വാൾ 18 റൺസ് നേടി പുറത്തായതോടെ വിരാട് രോഹിത് സഖ്യമാണ് ടീമിനെ മുൻപിൽ നിന്ന് നയിച്ചത്.
ഇപ്പോഴിതാ വീണ്ടും ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് ശർമ്മ. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമായി ഹിറ്റ്മാൻ. മുൻ പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയെ മറികടന്നാണ് രോഹിത് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 351 സിക്സറുകളാണ് ഏകദിനത്തിൽ അഫ്രീദി നേടിയത്. 349 സിക്സറുകളുമായി രണ്ടാം സ്ഥാനത്ത് നിന്ന രോഹിത് ഇന്നലെ നടന്ന മത്സരത്തിൽ മൂന്നു സിക്സറുകൾ കൂടി നേടിയതോടെ 352 സിക്സറുകൾ അടിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി.





