സച്ചിനേ, വിരാടേ, ദ്രാവിഡേ… രോഹിത്തും ഒപ്പം വരുന്നുണ്ടേ… ബാക്കിയുള്ള ഒറ്റ ഫോര്‍മാറ്റില്‍ ഇതിഹാസമാകാന്‍ ഹിറ്റ്മാന്‍
സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുപിന്നാലെ നവംബര്‍ 30ന് ഏകദിന പരമ്പര ആരംഭിക്കും. റാഞ്ചിയാണ് ആദ്യ ഏകദിനത്തിന് വേദിയാകുന്നത്.
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയെ ഒരു ഐതിഹാസിക നേട്ടം കാത്തിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ 20,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനാണ് രോഹിത് ഒരുങ്ങുന്നത്. ഇതിന് വേണ്ടതാകട്ടെ വെറും 98 റണ്‍സും.
ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലെ 535 ഇന്നിങ്‌സില്‍ നിന്നുമായി 42.43 ശരാശരിയില്‍ 19,902 റണ്‍സാണ് നിലവില്‍ രോഹിത് ശര്‍മയുടെ പേരിലുള്ളത്. ഏകദിനത്തില്‍ 228 ഇന്നിങ്‌സില്‍ നിന്നും 11,370 റണ്‍സ് നേടിയ രോഹിത് 116 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്നും 4,301 റണ്‍സും 151 ടി-20 ഇന്നിങ്‌സില്‍ നിന്നും 4,231 റണ്‍സും അടിച്ചെടുത്തിട്ടുണ്ട്.
കരിയറില്‍ 50 സെഞ്ച്വറി നേടിയ താരം 109 അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ജേഴ്‌സിയില്‍ 1922 ഫോറുകളും 642 സിക്‌സറുകളുമാണ് രോഹിത്തിന്റെ സമ്പാദ്യം.
ടി-20യില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത്തിന് 20,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ഏകദിനം മാത്രമാണ് ബാക്കിയുള്ളത്. പ്രോട്ടിയാസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രോഹിത് ഈ നേട്ടം പൂര്‍ത്തിയാക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
തെംബ ബാവുമയ്ക്കും സംഘത്തിനുമെതിരെ 98 റണ്‍സ് കണ്ടെത്താന്‍ സാധിച്ചാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 14ാം താരമെന്ന നേട്ടവും നാലാമത് ഇന്ത്യന്‍ താരമെന്ന നേട്ടവും രോഹിത് ശര്‍മയുടെ പേരില്‍ കുറിക്കപ്പെടും.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (34,357), വിരാട് കോഹ്‌ലി (27,673), രാഹുല്‍ ദ്രാവിഡ് (24,064) എന്നിവരാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന മാജിക് ബാരിയര്‍ പിന്നിട്ട ഇന്ത്യന്‍ താരങ്ങള്‍.
നേരത്തെ, ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത് പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ രോഹിത്, റാഞ്ചിയില്‍ തന്നെ ഈ റെക്കോഡ് സ്വന്തമാക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
ഇന്ത്യ സ്‌ക്വാഡ്
രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്‌ലി, തിലക് വര്‍മ, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, ഋതുരാജ് ഗെയ്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍)
സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം – ഏകദിന പരമ്പര
ആദ്യ മത്സരം – നംവബര്‍ 30, ഞായര്‍ – റാഞ്ചി
രണ്ടാം മത്സരം – ഡിസംബര്‍ 3, ബുധന്‍ – റായ്പൂര്‍
അവസാന മത്സരം – ഡിസംബര്‍ 6, ശനി – വിശാഖപട്ടണം





