Site icon Newskerala

വിക്കറ്റ് കീപ്പറായി സഞ്ജു തിരിച്ചെത്തി, നയിക്കാൻ സൂര്യ കുമാർ, ഹാർദിക്കും തിരിച്ചെത്തി; ട്വന്‍റി20 സ്ക്വാഡ് പ്രഖ്യാപിച്ച് ബി.സി.സി.ഐ

മുംബൈ: ദക്ഷിണാഫ്രിക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പരക്കുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പർമാരായി മലയാളി താരം സഞ്ജു സാംസണെയും ജിതേഷ് ശർമയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ ഉപനായകൻ ശുഭ്മൻ ഗില്ലിനെയും സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഫിറ്റ്നസ് തെളിയിക്കുന്ന മുറയ്ക്ക് മാത്രമേ താരത്തെ കളിക്കാനിറക്കൂ. പേസർ ജസ്പ്രീത് ബുംറയാണ് ബൗളിങ് നിരയെ നയിക്കുന്നത്. കുൽദീപ് യാദവ് സ്പെഷ്യലിസ്റ്റ് സ്പിന്നറായി ഇടംനേടിയപ്പോൾ, ഹാർദിക പാണ്ഡ്യ, അക്സർ പട്ടേൽ, ശിവം ദുബെ എന്നിവരാണ് ഓൾറൗണ്ടർമാരുടെ സ്ലോട്ടിലുള്ളത്. പരിക്കിന്‍റെ പിടിയിലായിരുന്ന ഹാർദിക് ഇടവേളക്കു ശേഷമാണ് ടീമിലെത്തുന്നത്. ഈ മാസം ഒമ്പതിനാണ് പരമ്പരക്ക് തുടക്കമാകുന്നത്. ഡിസംബര്‍ 11,14,17,19 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍. ടീം ഇന്ത്യ സ്ക്വാഡ്: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ.ഗിൽ തിരിച്ചെത്തുന്നതോടെ സഞ്ജുവിന് ഓപണിങ് സ്ഥാനം തിരികെ കിട്ടുമെന്ന അഭ്യൂഹം അസ്ഥാനത്തായി. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടിവരും. ഗിൽ ട്വന്‍റി20 ടീമിൽ സ്ഥിരം സാന്നിധ്യമായതോടെ താരത്തെ ഓപണിങ് റോളിലും സഞ്ജുവിനെ മധ്യനിരയിലുമാണ് കളിപ്പിക്കുന്നത്. ഗില്ലിന് നായക പദവി നൽകാനുള്ള നീക്കം നടക്കുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. നിലവിൽ സൂര്യകുമാർ യാദവാണ് ടി20 ടീമിനെ നയിക്കുന്നത്. ടോപ് ഓഡറിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സഞ്ജുവിനെ മധ്യനിരയിൽ കളിപ്പിക്കുന്നതിൽ വ്യാപക വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്. ഗില്ലിന് ടോപ് ഓഡറിൽ താളം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. എന്നാൽ പരമ്പരക്ക് മുമ്പ് ഫിറ്റ്നസ് തെളിയിക്കുകയെന്ന കടമ്പ ഗില്ലിന് മുന്നിലുണ്ട്.

Exit mobile version