Site icon Newskerala

ചെന്നൈയുടെ തലപ്പത്തേക്ക് സഞ്ജു; അടുത്ത സീസണില്‍ പുതിയ റോളില്‍?

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഐ.പി.എല്‍ 2026ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ (സി.എസ്.കെ) വൈസ് ക്യാപ്റ്റന്‍ ആയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മലയാളി താരത്തെ അടുത്ത സീസണിന് മുന്നോടിയായി വൈസ് ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുന്ന നടപടികളിലേക്ക് സി.എസ്.കെ മാനേജ്‌മെന്റ് കടക്കുന്നുവെന്നാണ് ടീമിന്റെ അടുത്ത വൃത്തങ്ങള്‍ പുറത്ത് വിടുന്ന വിവരം. ഐ.പി.എല്‍ തുടങ്ങാന്‍ മാസങ്ങള്‍ ഉണ്ടെന്ന് ഇരിക്കെ ഈ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
നേരത്തെ തന്നെ, അടുത്ത ഐ.പി.എല്‍ സീസണില്‍ ഋതുരാജ് ഗെയ്ക്വാദ് ക്യാപ്റ്റനായി തുടരുമെന്ന് സി.എസ്.കെ ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാല്‍, അടുത്ത സീസണില്‍ എം.എസ്. ധോണി വിരമിക്കാന്‍ സാധ്യതയുണ്ടെന്നും അപ്പോഴത്തേക്കും സഞ്ജുവിനെ ക്യാപ്റ്റനാക്കി വളര്‍ത്തി എടുക്കാനുള്ള നടപടിയാണ് ഇതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
സഞ്ജു സാംസൺ. Photo: CSK Fans Army™/x.com
ഏറെ അഭ്യൂഹങ്ങള്‍ക്ക് ശേഷം നവംബര്‍ മാസത്തിലാണ് സഞ്ജു സാംസണ്‍ ചെന്നൈയിലെത്തിയത്. രാജസ്ഥാന്‍ റോയല്‍സില്‍ (ആര്‍.ആര്‍) നിന്ന് ട്രേഡിലൂടെയായിരുന്നു താരത്തിന്റെ ഈ കൂടുമാറ്റം. സൂപ്പര്‍ താരങ്ങളായ രവീന്ദ്ര ജഡേജയെയും സാം കറനെയും ആര്‍.ആറിന് പകരം നല്‍കിയാണ് ചെന്നൈ മലയാളി വിക്കറ്റ് കീപ്പറെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.

ഭാവിയിലേക്ക് ഒരു മികച്ച ഇന്ത്യന്‍ ടോപ്പ് ഓര്‍ഡര്‍ ബാറ്റരെയും വിക്കറ്റ് കീപ്പറെയും ടീമിന് ആവശ്യമായതിനാലാണ് സഞ്ജുവിനെ ചെപ്പോക്കില്‍ എത്തിച്ചതെന്ന് ചെന്നൈ വ്യക്തമാക്കിയിരുന്നു. അന്ന് തന്നെ ടീമിന്റെ ഇതിഹാസ നായകന്‍ ധോണിക്ക് ഒരു പിന്‍ഗാമിയെയാണ് സഞ്ജുവില്‍ മുന്‍ ചാമ്പ്യന്മാര്‍ കാണുന്നതെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
സഞ്ജു ചെന്നൈയുടെ വൈസ് ക്യാപ്റ്റനാവുകയാണെങ്കില്‍ താരത്തിന്റെ കരിയറിന് തന്നെ വലിയ സ്വാധീനമുണ്ടാക്കും. കൂടാതെ, സി.എസ്.കെയ്ക്കും വലിയ രീതിയില്‍ ഗുണം ചെയ്യുന്ന ഈ നീക്കമായേക്കും. ധോണി വിരമിക്കുമ്പോള്‍ ടീമിന്റെ സൂപ്പര്‍ സ്റ്റാറായി മലയാളി താരത്തെ ഉയര്‍ത്തി കാണിക്കാന്‍ ടീമിന് സാധിക്കും.
എം.എസ്. ധോണിയും സഞ്ജു സാംസണും. Photo: TheXReplier/x.com
അതേസമയം, അടുത്ത സീസണില്‍ സഞ്ജു ചെന്നൈയുടെ വിക്കറ്റ് കീപ്പറായി എത്തുമെന്ന അഭ്യൂഹങ്ങളുണ്ട്. നിലവില്‍ ധോണിയും സഞ്ജുവും അടക്കം നാല് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരാണ് ചെന്നൈ സംഘത്തിലുള്ളത്. ഉര്‍വില്‍ പട്ടേല്‍, കാര്‍ത്തിക് ശര്‍മ എന്നീ യുവതാരങ്ങളാണ് മറ്റ് വിക്കറ്റ് കീപ്പര്‍മാര്‍. വിക്കറ്റിന് പിന്നില്‍ ധോണി എത്തിയില്ലെങ്കില്‍ സഞ്ജുവിന് തന്നെയാവും നറുക്ക് വീഴുക.
ഐ.പി.എല്‍ 2026 – ചെന്നൈ സൂപ്പര്‍ കിങ്സ് സ്‌ക്വാഡ്
ബാറ്റര്‍മാര്‍: ഋതുരാജ് ഗെയ്ക്വാദ്, ഡെവാള്‍ഡ് ബ്രെവിസ്, ആയുഷ് മാഹ്ത്രെ, സര്‍ഫറാസ് ഖാന്‍.
ഓള്‍ റൗണ്ടര്‍മാര്‍: അന്‍ഷുല്‍ കാംബോജ്, ജെയ്മി ഓവര്‍ട്ടണ്‍, രാമകൃഷ്ണ ഘോഷ്, പ്രശാന്ത് വീര്‍, മാറ്റ് ഷോര്‍ട്ട്, അമന്‍ ഖാന്‍, സാക്രി ഫോള്‍ക്സ്, ശിവം ദുബെ.
വിക്കറ്റ് കീപ്പര്‍മാര്‍: എം.എസ്. ധോണി, സഞ്ജു സാംസണ്‍, ഉര്‍വില്‍ പട്ടേല്‍, കാര്‍ത്തിക് ശര്‍മ.
ബൗളര്‍മാര്‍: ഖലീല്‍ അഹമ്മദ്, നൂര്‍ അഹമ്മദ്, മുകേഷ് ചൗധരി, നഥാന്‍ എല്ലിസ്, ശ്രേയസ് ഗോപാല്‍, ഗുര്‍ജാപ്നീത് സിങ്, അകീല്‍ ഹൊസൈന്‍, മാറ്റ് ഹെന്റി, രാഹുല്‍ ചഹര്‍.

Exit mobile version