എടിഎം ഇടപാട് നിരക്കുകൾ വർധിപ്പിച്ച് എസ്ബിഐ; ബാധകമാവുക ഈ അക്കൗണ്ട് ഉടമകൾക്ക്; ഇനി മുതൽ നൽകേണ്ട തുകയറിയാം…

ന്യൂഡൽഹി: ഉപഭോക്താക്കളെ പിഴിയാൻ എടിഎം ഇടപാട് നിരക്കുകളിൽ വർധനയുമായി എസ്ബിഐ. എടിഎം, ഡിപ്പോസിറ്റ് കം വിഡ്രോവൽ മെഷീൻ (എഡിഡബ്ല്യുഎം) ഇടപാട് നിരക്കുകളിലാണ് വർധന. 2025 ഡിസംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പുതിയ നിരക്കുകൾ ഈടാക്കുക. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് അവസാനമായി എടിഎം ഇടപാട് നിരക്കുകൾ എസ്ബിഐ വർധിപ്പിച്ചത്.സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ, ഇനി മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ എസ്‌ബിഐ ഉപഭോക്താക്കൾ ഓരോ ഇടപാടിനും 23 രൂപയും ജിഎസ്ടിയും അടയ്ക്കേണ്ടിവരും. മുമ്പ് ഇത് 21 രൂപയും ജിഎസ്ടിയും ആയിരുന്നു. ബാലൻസ് പരിശോധന, മിനി സ്റ്റേറ്റ്മെന്റ്സ് പോലുള്ള സാമ്പത്തികേതര ഇടപാടുകൾക്ക് 11 രൂപയും ജിഎസ്ടിയുമാണ് ഇനി നൽകേണ്ടിവരിക. മുമ്പ് ഇത് 10 രൂപയും ജിഎസ്ടിയുമായിരുന്നു.ഇന്റർചേഞ്ച് ഫീസ് വർധിപ്പിച്ചതിനെ തുടർന്നാണ് എടിഎമ്മുമായി ബന്ധപ്പെട്ട സേവന നിരക്ക് പുനഃപരിശോധിക്കാൻ തീരുമാനിച്ചതെന്നാണ് എസ്‌ബി‌ഐ വിശദീകരണം. സൗജന്യ ഇടപാട് പരിധി കഴി‍ഞ്ഞ്, എസ്‌ബി‌ഐ ഇതര എടിഎമ്മുകൾ ഉപയോഗിക്കുന്ന സേവിങ്സ്, സാലറി അക്കൗണ്ട് ഉടമകളെയാണ് ഈ മാറ്റങ്ങൾ പ്രധാനമായും ബാധിക്കുന്നത്. മറ്റ് വിവിധ വിഭാഗങ്ങളിലുള്ള അക്കൗണ്ടുകളെയും ഇടപാടുകളെയും ഇത് ബാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.സാധാരണ സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് ലഭ്യമാക്കിയിട്ടുള്ള സൗജന്യ പ്രതിമാസ ഇടപാടുകളുടെ എണ്ണം എസ്‌ബി‌ഐ കുറച്ചിട്ടില്ല. എസ്‌ബി‌ഐ ഇതര എടിഎമ്മുകളിൽ ഉപഭോക്താക്കൾക്ക് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾ നടത്തുന്നത് തുടരാം. ഈ പരിധി കവിഞ്ഞാൽ, പുതുക്കിയ നിരക്കുകൾ ബാധകമാകും.ബാങ്ക് ഓഫ് ഇന്ത്യ സാലറി പാക്കേജ് സേവിങ്സ് ബാങ്ക് അക്കൗണ്ടുള്ള ഉപഭോക്താക്കൾക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ പ്രതിമാസം 10 സൗജന്യ ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. മുമ്പ്, സാലറി അക്കൗണ്ട് ഉടമകൾക്ക് സൗജന്യ ഇടപാടുകൾക്ക് പരിധിയുണ്ടായിരുന്നില്ല. 10 സൗജന്യ ഇടപാടുകൾ പൂർത്തിയാക്കിയാൽ, സാലറി അക്കൗണ്ട് ഉപയോക്താക്കളിൽ നിന്ന് തുടർന്നുള്ള ഓരോ പണം പിൻവലിക്കലിനും 23 രൂപയും ജിഎസ്ടിയും സാമ്പത്തികേതര ഇടപാടുകൾക്ക് 11 രൂപയും ജിഎസ്ടിയും ഈടാക്കും.പുതിയ പരിഷ്കരണം ബാധിക്കാത്ത ഉപഭോക്തൃ വിഭാഗങ്ങൾ ഏതൊക്കെയെന്നും എസ്ബിഐ വിശദീകരിച്ചിട്ടുണ്ട്.1. ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഉടമകൾ നിലവിലെ നിരക്ക് നൽകിയാൽ മതിയാകും. വർധനയില്ല.2 എസ്ബിഐ ഡെബിറ്റ് കാർഡ് ഉടമകളുടെ എസ്ബിഐ എടിഎം ഉപയോ​ഗത്തിനും പുതിയ നിരക്കുകൾ ബാധകമല്ല. നിലവിലെ നിയമങ്ങൾക്കനുസരിച്ച് സേവനങ്ങൾ സൗജന്യമായി തുടരും.3. എസ്‌ബി‌ഐ എ‌ടി‌എമ്മുകളിൽ നിന്ന് കാർഡ് ഇല്ലാതെ പണം പിൻവലിക്കൽ പരിധിയില്ലാതെയും സൗജന്യമായും തുടരും.4. കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) അക്കൗണ്ട് ഉടമകളും പുതിയ നിരക്ക് നൽകേണ്ടതില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button