1995 മുതൽ ലൈംഗികമായി പീഡിപ്പിക്കുന്നു’; 48കാരിയുടെ പരാതിയില്‍ സിപിഎം കുമ്പള മുൻ ഏരിയാ സെക്രട്ടറിക്കെതിരെ കേസെടുത്തു
‘
കാസർകോട്: വീട്ടമ്മയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന പരാതിയിൽ സിപിഎം കുമ്പള മുൻ ഏരിയാ സെക്രട്ടറിക്കെതിരെ കേസെടുത്തു.എൻമകജെ പഞ്ചായത്ത് അംഗവും ഇച്ചിലംപാടി സ്കൂള്‍ അധ്യാപകനുമായ എസ്.സുധാകരനെതിരെയാണ് കാസർകോട് വനിതാ പൊലീസ് കേസെടുത്തത്. ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തതെന്നാണ് സൂചന. 1995 മുതൽ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നാണ് വീട്ടമ്മയുടെ പരാതി.തനിക്കും കുടുംബത്തിനും വധഭീഷണി ഉള്ളതായും പരാതിയിൽ പറയുന്നു.കല്യാണം കഴിക്കാമെന്ന് പറഞ്ഞായിരുന്നു ലൈംഗിക പീഡനം നടത്തിയത്.പക്ഷേ കല്യാണം കഴിച്ചില്ലെന്നും താൻ മറ്റൊരു കല്യാണം കഴിച്ചെന്നും വീട്ടമ്മയുടെ പരാതിയിൽ പറയുന്നു. സുധാകരൻ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ തന്റെ ആദ്യ ഭർത്താവ് തന്നെയും കുട്ടികളെയും ഉപേക്ഷിച്ചു പോകുകയും ചെയ്തു.ഇതിന് പിന്നാലെ 2009ൽ കോൺഗ്രസ് പ്രവർത്തകൻ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസില്‍ സുധാകരൻ ജയിലിൽ പോയി. ഈ സമയത്ത് തന്റെ രണ്ടാം വിവാഹം കഴിഞ്ഞുവെന്നും ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ലോഡ്ജിൽ ഭീഷണിപ്പെടുത്തി കൊണ്ടുപോയി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. നിരന്തരമായ ഉപദ്രവം കാരണമാണ് പൊലീസിൽ പരാതികൊടുത്തത്. പരാതി പിൻവലിച്ചില്ലെങ്കിൽ തന്റെ ചിത്രങ്ങളും വിഡിയോകളും യൂട്യൂബിലും സോഷ്യൽമീഡിയയിലും ഇടുമെന്നും നിന്നെയും കുടുംബത്തെയും കൊല്ലാൻ പോലും മടിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു.പീഡനം സംബന്ധിച്ച് 48കാരി ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ആരോപണത്തെ തുടർന്ന് സുധാകരനെ പാർട്ടിയിൽ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. പരാതി അന്വേഷിക്കാനായി സിപിഎം മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു.





