Site icon Newskerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റർ പതിപ്പിച്ച് എസ്എഫ്ഐ; കീറിയെറിഞ്ഞ് കെഎസ്‌യു പ്രവർത്തകർ

കണ്ണൂർ: കണ്ണൂർ എസ്എൻ കോളജിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എസ്എഫ്ഐ പതിപ്പിച്ച പോസ്റ്റർ കെഎസ്‌യു പ്രവർത്തകർ കീറി കളഞ്ഞു. പോസ്റ്റർ കീറിയതിൻ്റെ പേരിൽ കോളജിൽ എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഉന്തുംതള്ളും. രാഹുൽ മാങ്കൂട്ടത്തിനെതിരെ ലുക്ക്ഔട്ട് മാതൃകയിലാണ് എസ്എഫ്ഐ പ്രവർത്തകർ പോസ്റ്റർ പതിപ്പിച്ചത്. ലൈംഗിക പീഡനക്കേസിൽ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് പുറത്താക്കിയിരുന്നു. രാഹുലിനെ പുറത്താക്കാനുള്ള തീരുമാനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നേരത്തെ തന്നെ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് രാഹുലിനെ പുറത്താക്കിയത്. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. നടപടിക്രമങ്ങളുടെ കാലതാമസാണ് രാഹുലിനെ പുറത്താക്കുന്ന കാര്യത്തിൽ ഉണ്ടായതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. എംഎൽഎ സ്ഥാനം രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് രാഹുലാണ്. തെരഞ്ഞെടുപ്പിൽ രാഹുൽ വിഷയം തിരിച്ചടിയാവില്ല. മാതൃകാപരമായ നടപടികളാണ് രാഹുലിനെതിരെ ആരോപണം വന്നത് മുതൽ കോൺഗ്രസ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version