ഓസീസ് പര്യടനത്തിനും ഷമിയില്ല; സൂപ്പർ പേസറുടെ കാലം കഴിയുകയാണോ?
മുംബൈ: ആസ്ട്രേലിയൻ പര്യടനത്തിലും ഇടംനേടാനാവാതെ വന്നതോടെ സൂപ്പർ പേസർ മുഹമ്മദ് ഷമിയുടെ ഭാവി ചോദ്യചിഹ്നമാകുകയാണ്. മാർച്ചിൽ നടന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിലാണ് താരം അവസാനമായി ഇന്ത്യക്കുവേണ്ടി ഏകദിനം കളിച്ചത്. ടൂർണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരിൽ സ്പിന്നർ വരുൺ ചക്രവർത്തിക്കൊപ്പം ഷമിയുമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പരിക്കിന്റെ പിടിയിലാണ് ഷമി. 2023ലെ ഏകദിന ലോകകപ്പിനുശേഷം കണങ്കാലിന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു താരം. ഏറെ നാളത്തെ വിശ്രമത്തിനുശേഷം കളത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും പഴയ ഫോമിലേക്ക് ഇതുവരെ താരത്തിന് എത്താനായിട്ടില്ല. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കും താരത്തെ പരിഗണിച്ചില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ഒരു ടെസ്റ്റ് മത്സരം കളിച്ചത് 2023ലാണ്. ഐ.സി.സി ടൂർണമെന്‍റുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യൻ ബൗളറാണ് ഷമി. ഷമിക്ക് ഇന്ത്യൻ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്നാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പറയുന്നത്. ഏതാനും വർഷങ്ങളായി താരത്തെ തുടർച്ചയായി പരിക്കുകൾ വേട്ടയാടുന്നതാണ് താരത്തിന്‍റെ അവസരങ്ങൾ കുറച്ചത്. ഇനി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുക എന്നത് താരത്തിന് ഏറെ കഠിനമായിരിക്കുമെന്നും ഗവാസ്കർ അഭിപ്രായപ്പെട്ടു. ‘കണങ്കാലിനും കാൽമുട്ടിനും പരിക്കേറ്റ, പുറംവേദന വേട്ടയാടുന്ന ഒരു ഫാസ്റ്റ് ബൗളർക്ക് അതിൽനിന്ന് പൂർണമായി മുക്തനാകുക അത്ര എളുപ്പമല്ല. അതുകൊണ്ടു തന്നെയാണ് താരത്തെ ടീമിലേക്ക് പരിഗണിക്കാത്തതെന്ന് നിങ്ങൾക്കറിയാം. ഷമി ഇന്ത്യക്കുവേണ്ടി എത്ര മികച്ച ക്രിക്കറ്റാണ് കളിച്ചത്. ക്രിക്കറ്റിൽ ഷമി ഒരു അത്ഭുതം തന്നെയായിരുന്നു’ -ഗവാസ്കർ പറഞ്ഞു. ഷമിയെ എന്തുകൊണ്ട് ടീമിലേക്ക് പരിഗണിച്ചില്ലെന്ന ചോദ്യത്തിന് മുഖ്യ സെലക്ടർ അജിത് അഗാർക്കർ നൽകിയ മറുപടി ഇങ്ങനെയാണ് -‘ആഭ്യന്തര ക്രിക്കറ്റിൽ അധികമൊന്നും താരം കളിച്ചിട്ടില്ല. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ബംഗാളിനുവേണ്ടി ഒരു മത്സരവും ദുലീപ് ട്രോഫിയിൽ ഒരു മത്സരവുമാണ് ഷമി കളിച്ചത്. അഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോം തെളിയിക്കേണ്ടതുണ്ട്’. ഈസ്റ്റ് സോണിനായി ദുലീപ് ട്രോഫി കളിച്ച 35കാരൻ ഷമി, ഒരു വിക്കറ്റാണ് നേടിയത്. ഐ.പി.എല്ലിലും താരത്തിന് തിളങ്ങാനായില്ല. സൺറൈസേഴ്സ് ഹൈദരാബാദിനായി പന്തെറിഞ്ഞ താരത്തിന് ആറു വിക്കറ്റ് മാത്രമാണ് നേടാനായത്. താരത്തിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഒക്ടോബർ 19ന് ആരംഭിക്കുന്ന ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന, ട്വന്‍റി20 ടീമുകളെയാണ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. ജസ്പ്രീത് ബുംറയില്ലാതെയാണ് ഇന്ത്യ ഏകദിനത്തിലിറങ്ങുന്നത്.2027 ഏകദിന ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമാണ് ക്യാപ്റ്റൻസിയിലേക്ക് ഗില്ലിന്റെ വരവ്. നിലവിൽ ടെസ്റ്റ് ടീം നായകനാണ് 26കാരൻ. ട്വന്റി20യിൽ വൈസ് ക്യാപ്റ്റനുമാണ്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് ആസ്ട്രേലിയയിൽ ഇന്ത്യ കളിക്കുക. 19ന് പെർത്തിലും 23ന് അഡലെയ്ഡിലും 25ന് സിഡ്നിയിലുമാണ് ഏകദിന മത്സരങ്ങൾ. ട്വന്റി20 ഒക്ടോബർ 29, 31, നവംബർ രണ്ട്, ആറ്, എട്ട് തീയതികളിലായി യഥാക്രമം കാൻബെറ, മെൽബൺ, ഹൊബാർട്ട്, ഗോൾഡ് കോസ്റ്റ്, ബ്രിസ്ബേൻ എന്നിവിടങ്ങളിൽ നടക്കും.
