Site icon Newskerala

ബി.ജെ.പിയെ അഭിനന്ദിച്ച് ശശി തരൂർ; തിരുവനന്തപുരത്തെ രാഷ്ട്രീയം മാറുന്നുവെന്ന് പ്രതികരണം

ന്യൂഡൽഹി: തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി വിജയത്തിൽ അഭിനന്ദനവുമായി കോൺഗ്രസ് എം.പി ശശി തരൂർ. കേരളത്തിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ വിജയിച്ച കോൺഗ്രസിനെ അഭിനന്ദിക്കുകയാണ്. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള കൃത്യമായ സൂചന നൽകുന്നതാണ് കോൺഗ്രസിന്റെ വിജയം. ഭരണവിരുദ്ധവികാരമുണ്ടെന്നതിന്റെ സൂചനയാണ് 2020മായി താരതമ്യം ചെയ്യുമ്പോഴുള്ള യു.ഡി.എഫിന്റെ മികച്ച വിജയമെന്ന് ശശി തരൂർ പറഞ്ഞു. ബി.ജെ.പിയുടെ തിരുവനന്തപുരത്തെ ചരിത്ര പ്രകടനത്തേയും അഭിനന്ദിക്കുയാണ്. തലസ്ഥാനത്തെ രാഷ്ട്രീയത്തിൽ ഉണ്ടാവുന്ന മാറ്റത്തിന്റെ സൂചനയാണിത്. 45 വർഷത്തെ എൽ.ഡി.എഫ് ദുർഭരണത്തിന് അന്ത്യംകുറിക്കണമെന്നാവശ്യ​പ്പെട്ടാണ് താൻ പ്രചാരണം നടത്തിയത്. അതിന്റെ ഗുണം മറ്റൊരു പാർട്ടിക്കാണ് ലഭിച്ചത്. അവരും ഭരണമാറ്റം ആഗ്രഹിച്ചവരായിരുന്നു. ഇത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. ജനങ്ങളുടെ വിധിയെ മാനിക്കണം. അത് കേരളത്തിലെ യു.ഡി.എഫി​ന്റെ വിജയത്തിലായാലും തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി നേട്ടത്തിലായാലും. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി ഇനിയും പ്രവർത്തിക്കുമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. ശശി തരൂർ ബി.ജെ.പിയുമായി അടക്കുകയാണെന്ന സൂചനകൾക്കിടെയാണ് അദ്ദേഹം ബി.ജെ.പിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇക്കുറി തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി ഭരണം പിടിച്ചിരുന്നു. 50 സീറ്റുകൾ നേടിയാണ് ബി.ജെ.nിയുടെ ജയം. കോർപറേഷനിൽ എൽ.ഡി.എഫ് 29 സീറ്റുകളിൽ ഒതുങ്ങിയിരുന്നു. 19 സീറ്റോടെ യു.ഡി.എഫാണ് ഇക്കുറി മൂന്നാമതെത്തിയത്.

Exit mobile version