അവൾ മുസ്‌ലിമാണ്, ഞാൻ നോക്കില്ല’; യുപിയിൽ ഗർഭിണിക്ക് മതത്തിന്റെ പേരിൽ ഡോക്ടർ ചികിത്സ നിഷേധിച്ചെന്ന് പരാതി

ലഖ്നൗ: ഉത്തർപ്രദേശിൽ ​ഗർഭിണിയായ മുസ്‌ലിം യുവതിക്ക് ഡോക്ടർ മതത്തിന്റെ പേരിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി. ജൗൻപൂർ സ്വദേശിയായ ഷമ പർവീനാണ് പരാതിയുമായി രം​ഗത്തെത്തിയത്. പ്രസവത്തിനായി എത്തിയപ്പോൾ സ്ത്രീകൾക്കായുള്ള ജില്ലാ ആശുപത്രിയിലെ ഡോക്ടറാണ് ചികിത്സ നിഷേധിച്ചതെന്നാണ് പരാതി. മുസ്‌ലിം രോ​ഗികളെ ചികിത്സിക്കില്ലെന്ന് ഡോക്ടർ പറഞ്ഞതായി ഷമ പർവീൻ പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ‘താൻ മുസ്‌ലിം രോ​ഗികളെ നോക്കില്ലെന്നാണ് ആ വനിതാ ഡോക്ടർ പറഞ്ഞത്. സെപ്തംബർ 30ന് രാവിലെ ഒമ്പത് മണിയോടെയാണ് ഞാൻ ആശുപത്രിയിൽ എത്തിയത്’- ഷമ പറഞ്ഞു. ‘അവൾ ഒരു മുസ്‌ലിമാണ്. ഞാൻ അവളെ ചികിത്സിക്കില്ല. മറ്റെവിടെയെങ്കിലും കൊണ്ടുപോകൂ’- എന്നാണ് ഡോക്ടർ പറഞ്ഞതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഭാര്യയെ ഒന്ന് പരിശോധിക്കാൻ താൻ ഡോക്ടറോട് അഭ്യർഥിച്ചെങ്കിലും അവർ അതിന് തയാറായില്ലെന്ന് പർവീന്റെ ഭർത്താവ് മുഹമ്മദ് നവാസ് പറഞ്ഞു. ആശുപത്രിയിലുള്ള രണ്ട് മുസ്‌ലിം സ്ത്രീ രോ​ഗികൾക്ക് ചികിത്സ നിഷേധിക്കപ്പെട്ടതായും ഭർത്താവ് വ്യക്തമാക്കി. ഡോക്ടറുടെ സമീപനം പർവീൻ ചോദ്യം ചെയ്തെങ്കിലും നിലപാട് മാറ്റാൻ അവർ തയാറായില്ലെന്നാണ് ആക്ഷേപം. മുസ്‌ലിം സ്ത്രീകളെ പ്രസവത്തിനായി ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോവരുതെന്ന് ഡോക്ടർ എല്ലാ നഴ്‌സുമാരോടും പറഞ്ഞതായും പർവീൻ ആരോപിച്ചു.’ഞാൻ കിടക്കയിൽ കിടന്നു, എന്നാൽ ഡോക്ടർ എന്നെ ചികിത്സിക്കാൻ തയാറായില്ലെന്ന് മാത്രമല്ല, ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോവരുതെന്ന് നഴ്സുമാരോട് നിർദേശിക്കുകയും ചെയ്തു’- പർവീൻ വിശദമാക്കി. ഭർത്താവും ഇക്കാര്യം ആവർത്തിച്ചു. വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ, വിഷയം ശ്രദ്ധയിൽപ്പെട്ട ജില്ലാ ആരോ​ഗ്യവകുപ്പ് അധികൃതർ ഡോക്ടറിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ഇത്തരം സമീപനങ്ങൾ ഒരിക്കലും അം​ഗീകരിക്കാനാവില്ല. ഒരു ഡോക്ടറും രോ​ഗികളെ അവരുടെ മതത്തിന്റെ പേരിൽ അവ​ഗണിക്കൻ പാടില്ല- ഒരു മുതിർന്ന ഉദ്യോ​ഗസ്ഥൻ പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പർവീന്റെ ആരോപണത്തിൽ ആരോപണവിധേയയായ ഡോക്ടറോ ആശുപത്രി അധികൃതരോ ഇതുവരെ‌ പ്രതികരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button