ശസ്ത്രക്രിയക്കു പിന്നാലെ ശരീരഭാരം ഗണ്യമായി കുറഞ്ഞു; ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് വൈകും, ന്യൂസിലൻഡിനെതിരെ കളിച്ചേക്കില്ല
മുംബൈ: ഇന്ത്യൻ ഏകദിന വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ടീമിലേക്കുള്ള തിരിച്ചുവരവ് വൈകും. സെപ്റ്റംബറിൽ ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ഫീൽഡിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. ന്യൂസിലൻഡിനെതിരെ ജനുവരിയിൽ നടക്കുന്ന ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ താരം കളിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പരിക്കേറ്റ ശ്രേയസ് അയ്യർ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നാലെ വിശ്രമത്തിലായിരുന്ന താരത്തിന്റെ ശരീരഭാരം ആറു കിലോയോളം കുറഞ്ഞു. പരിക്കിൽനിന്ന് മോചിതനായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിന് ഇറങ്ങിയെങ്കിലും താരത്തിന് കായികക്ഷമത പൂർണമായി വീണ്ടെടുക്കാനായിട്ടില്ല. 30കാരനായ ശ്രേയസ് ശരീരഭാരം കുറച്ചൊക്കെ തിരിച്ചുപിടിച്ചെങ്കിലും കളിക്കാനുള്ള ക്ലിയറൻസ് ലഭിക്കാൻ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരും. നേരത്തെ, വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കുവേണ്ടി കളിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും താരത്തിന് മെഡിക്കൽ സംഘത്തിന്റെ അനുമതി കിട്ടിയില്ല. ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തണമെങ്കിൽ താരം ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോം തെളിയിക്കണം.🚨SHREYAS IYER UPDATE🚨- Return to Competitive cricket delayed. – VHT knockouts target now. – lost 6 kgs due to injury in Australia. – likely to get clearance on January 9th. pic.twitter.com/S0rrvktpS2— Danish (@BhttDNSH100) December 30, 2025 ജനുവരി ഒമ്പതിനു മാത്രമാകും താരത്തിന് ബി.സി.സി.ഐയുടെ അനുമതി ലഭിക്കൂവെന്നാണ് വിവരം. അതായത് കീവീസിനെതിരായ ഏകദിന പരമ്പര തുടങ്ങുന്നതിനു രണ്ടു ദിവസം മുമ്പ് മാത്രം. ജനുവരി 11, 14, 18 തീയതികളിലാണ് ഏകദിന മത്സരങ്ങൾ. പരമ്പരക്കുള്ള ഏകദിന ടീമിനെ ജനുവരി മൂന്നിനോ നാലിനോ പ്രഖ്യാപിച്ചേക്കും. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സ്ക്വാഡിലും ശ്രേയസ് ഇല്ല. അങ്ങനെയെങ്കിൽ വിജയ് ഹസാരെ ട്രോഫി നോക്കൗട്ടിലൂടെയാകും താരം മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക. താരത്തിന്റെ അഭാവത്തിൽ ഋതുരാജ് ഗെയ്ക്വാദാകും നാലാം നമ്പറിൽ കളിക്കുക. റാഞ്ചിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ മത്സരത്തിൽ ഋതുരാജ് സെഞ്ച്വറി നേടിയിരുന്നു. ഏകദിന പരമ്പരക്കു പിന്നാലെ കീവീസിനെതിരെ അഞ്ചു ട്വന്റി20 മത്സരങ്ങളും ഇന്ത്യ കളിക്കുന്നുണ്ട്. ട്വന്റി20 ലോകകപ്പിനുള്ള ടീം തന്നെയാണ് കീവീസിനെതിരായ പരമ്പരയിലും കളിക്കുന്നത്. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിങ്.





