തിരുവനന്തപുരം: എസ്.ഐ.ആർ എന്യൂമറേഷൻ സമയപരിധി നീട്ടുന്ന കാര്യത്തിലെ നിലപാടിൽ മലക്കം മറിഞ്ഞ് ബി.ജെ.പി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ മറ്റെല്ലാവരും സമയം നീട്ടണമെന്ന് ആവശ്യപ്പെട്ടപ്പോൾ ബി.ജെ.പി. മൗനത്തിലായിരുന്നു.പരമാവധി പേരെ ഉൾക്കൊള്ളിക്കുന്നതിന് സമയം നീട്ടണമെന്ന ആവശ്യം അംഗീകരിക്കാത്ത ബി.ജെ.പി. നിലപാട് ശരിയല്ലെന്ന് മറ്റ് പ്രതിനിധികൾ ചൂണ്ടിക്കാട്ടിയപ്പോൾ ‘‘സമയം നീട്ടേണ്ടെന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല’’ എന്നായിരുന്നു ബി.ജെ.പി. പ്രതിനിധി ബി. ഗോപാലകൃഷ്ണന്റെ മറുപടി. ഇത് ആയുധമാക്കി,‘‘ബി.ജെ.പിയും നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ, യോഗത്തിന്റെ പൊതുവികാരമെന്ന നിലയിൽ ഏകകണ്ഠമായി ഇക്കാര്യം ആവശ്യപ്പെടാമെന്ന്’’ സി.പി.എമ്മിലെ എം. വിജയകുമാർ പറഞ്ഞു.ഇതോടെ, അപകടം മണത്ത ബി.ഗോപാലകൃഷ്ണൻ,‘‘സമയം നീട്ടണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും, കമീഷൻ തീരുമാനം അംഗീകരിക്കാമെന്നാണ് ഉദ്ദേശിച്ചതെന്നും’’ നിലപാട് തിരുത്തി. ജനങ്ങളുടെ പൗരത്വംവെച്ച് കളിക്കരുതെന്ന മുന്നറിയിപ്പ് കടുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ തിരുവനന്തപുരം: എസ്.ഐ.ആർ നടപടികളിലെ അനാവശ്യ ധൃതിയും ആശയക്കുഴപ്പവും ചൂണ്ടിക്കാട്ടിയും ജനങ്ങളുടെ പൗരത്വംവെച്ച് കളിക്കരുതെന്ന മുന്നറിയിപ്പ് കടുപ്പിച്ചും രാഷ്ട്രീയ പാർട്ടികൾ. എന്യൂമറേഷൻ മൂന്നാഴ്ച പിന്നിട്ടിട്ടും ഫോം പൂരിപ്പിക്കുന്നതിൽ മുതൽ വിവരങ്ങളുടെ ഡിജിറ്റൈസേഷനിൽ വരെ നിലനിൽക്കുന്ന അവ്യക്തതകൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ വിളിച്ച യോഗത്തിൽ പാർട്ടി പ്രതിനിധികളുടെ വിമർശനം. പ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്നതിൽ ബി.ജെ.പി പ്രതിനിധികളടക്കം യോജിച്ചതോടെ വിവരശേഖരണത്തിന്റെയും കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെയും സമയപരിധി നീട്ടണമെന്നായി യോഗത്തിന്റെ പൊതുവികാരം. എന്നാൽ, ഇക്കാര്യത്തിൽ കൃത്യമായ മറുപടിക്ക് തയാറാകാതിരുന്ന സി.ഇ.ഒ, പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അർഹരായ എല്ലാവരും പട്ടികയിൽ ഉൾപ്പെടണമെന്നാണ് നിലപാടെന്നും വ്യക്തമാക്കി. എന്യൂമറേഷന് ഡിസംബർ നാലുവരെ സമയമുണ്ടായിരിക്കെ നവംബർ 23നകം ഫോം നൽകണമെന്നും 26ന് മുമ്പ് ഡിജിറ്റൈസേഷൻ പൂർത്തിയാക്കണമെന്നും കലക്ടർമാർ ശാഠ്യം പിടിക്കുന്നതിൽ ചോദ്യങ്ങളുയർന്നു. എന്തിനാണ് ആളുകളെ പേടിപ്പിക്കുന്നതെന്നും ആരെയാണ് തോൽപ്പിക്കാൻ ശ്രമിക്കുന്നതെന്നും മുസ്ലിം ലീഗ് പ്രതിനിധി അഡ്വ. മുഹമ്മദ് ഷാ ചോദിച്ചു. വിജ്ഞാപന പ്രകാരം തിയതി പ്രഖ്യാപിച്ചാൽ അത് മാറ്റാൻ ഒരാൾക്കും അധികാരമില്ല. അധികസമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ ലഭ്യമായ സമയം അനുവദിക്കില്ലെന്നാണ് ചിലരുടെ ശാഠ്യം. എസ്.ഐ.ആർ മാറ്റിവെക്കണമെന്ന കേസ് 26ന് കോടതി പരിഗണിക്കാനിരിക്കെ ‘ഇവിടെ 80 ശതമാനവും കഴിഞ്ഞു’ എന്ന് കോടതിയിൽ പറയാനാണോ ഈ ധൃതി. രാഷ്ട്രീയക്കാരെയും ബി.എൽ.ഒമാരെയും ജനങ്ങളെയും പേടിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് കമീഷനെന്ന് അദ്ദേഹം പറഞ്ഞു.


