സാർ വാഹനാപകടം; പ്രതിയുടെ ഒമ്പത് വർഷം തടവ് ശിക്ഷ സുപ്രീം കോടതി ശരിവെച്ചു
മനാമ: ബഹ്റൈനിലെ സാർ മേഖലയിൽ ദമ്പതികളുടെയും മകന്റെയും മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ പ്രതിയുടെ ശിക്ഷാവിധി ശരിവെച്ച് കോടതി. പ്രതി സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. വാഹനാപകടത്തിന് ആറ് വർഷവും മയക്കുമരുന്ന് കൈവശം വെച്ചതിന് മൂന്ന് വർഷവും ഉൾപ്പെടെ ആകെ ഒമ്പത് വർഷത്തെ തടവ് ശിക്ഷയാണ് പ്രതി അനുഭവിക്കേണ്ടി വരിക. 3,000 ദിനാർ പിഴയായും ഒടുക്കണം.നിയമപരമായ വേഗപരിധി ലംഘിച്ചും ട്രാഫിക് നിയമങ്ങൾ പാലിക്കാതെയും വാഹനമോടിച്ച പ്രതി, എതിരെ വന്ന കുടുംബത്തിന്റെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലഹരിമരുന്നിനും മദ്യത്തിനും അടിമപ്പെട്ട അവസ്ഥയിലായിരുന്നു പ്രതിയെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. അപകടത്തിൽ ഭർത്താവും ഭാര്യയും ഒരു കുട്ടിയും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇവരുടെ മറ്റ് രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തടവ് ശിക്ഷ പൂർത്തിയാക്കിയ ശേഷം ഒരു വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയയ്പ്പെടുകയും ചെയ്യും.





