വെള്ളത്തിന് പകരം ആസിഡ് ഒഴിച്ച് പാചകം ചെയ്തു; കുടുംബത്തിലെ ആറു പേർ ആശുപത്രിയിൽ

കൊൽക്കത്ത: വെള്ളമാണെന്ന് കരുതി ആസിഡ് ഒഴിച്ച് പാചകം ചെയ്ത ഭക്ഷണം കഴിച്ച് കുടുംബത്തിലെ ആറുപേർ ചികിത്സയിൽ. പശ്ചിമബംഗാളിലെ പശ്ചിമ മിഡ്‌നാപൂർ ജില്ലയിലാണ് സംഭവം. പാചകം ചെയ്യുന്നതിനിടെ അബദ്ധത്തിലാണ് ആസിഡ് കറിയിൽ ചേർത്തത്. മൂന്നു കുട്ടികളും മൂന്ന് മുതിർന്നവരുമാണ് ചികിത്സയിലുള്ളത്. ഭക്ഷണം കഴിച്ചയുടൻ ശാരീരിക അസ്വസ്ഥതകൾ പ്രകടമായതോടെ ആറുപേരെയും ആദ്യം ഘട്ടലിലുള്ള ആശുപത്രിയിൽ പ്രവേശിച്ചു. തുടർന്ന്, കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രത്‌നേശ്വർബതി സ്വദേശിയായ ശാന്തുവിന്റെ വീട്ടിൽ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. വെള്ളി ആഭരണങ്ങൾ നിർമിക്കുന്ന ശാന്തുവിന്റെ വീട്ടിൽ ആസിഡ് സൂക്ഷിച്ചിരുന്നു. വെള്ളം സൂക്ഷിച്ചിരുന്ന ക്യാനുകൾക്ക് സമാനമായ ക്യാനുകളിലാണ് ആസിഡും സൂക്ഷിച്ചിരുന്നത്. പാചകം ചെയ്യുന്നതിനിടെ വെള്ളത്തിന് പകരം ആസിഡ് കറിയിൽ ചേർക്കുകയായിരുന്നു. വയറുവേദനയും ചർദിയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ടതോടെ അയൽവാസികൾ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആസിഡ് ചേർത്ത ഭക്ഷണം കഴിച്ചതിന്റെ ലക്ഷണങ്ങളാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമാർ മെച്ചപ്പെട്ട ചികിത്സക്കായി ഇവരെ ഉടൻ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ഒരു കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. എന്നാൽ, നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള അറിയിപ്പുകൾ ലഭ്യമായിട്ടില്ല. സംഭവത്തിന് പിന്നാലെ ആസിഡ് ഉൾപ്പടെയുള്ളവ വീടുകളിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം എന്ന നിർദേശവുമായി അധികൃതർ രംഗത്തുവന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button