ശസ്ത്രക്രിയ പിഴവ്: നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതായി സുമയ്യ
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കാന്‍ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി പരാതിക്കാരി സുമയ്യ. സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് അവർ പറഞ്ഞു.രണ്ടുവർഷം മുമ്പ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയ്ഡിന്റെ ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് കാട്ടാക്കട കിള്ളി സ്വദേശിനി സുമയ്യയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്. കഫക്കെട്ട് വന്നതിനെത്തുടർന്ന് എക്സ് റേ എടുത്തപ്പോഴാണ് നെഞ്ചിൽ ട്യൂബ് കിടക്കുന്നതായി കണ്ടെത്തിയത്. ഇക്കാര്യം ആശുപത്രി ജീവനക്കാരെ അറിയിച്ചപ്പോൾ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഒഴിഞ്ഞു മാറുകയും സംഭവം പിന്നീട് വിവാദമാവുകയും ചെയ്തിരുന്നു.ഗൈഡ് വയർ പുറത്തെടുക്കാനാകുമോ എന്ന് പരിശോധിക്കാൻ ഇന്നലെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ നടത്തിയ ആൻജിയോഗ്രാം പരിശോധന പരാജയപ്പെട്ടിരുന്നു. ആന്‍ജിയോഗ്രാം പരിശോധന രണ്ടുതവണയാണ് പരാജയപ്പെട്ടത്. ഗൈഡ് വയർ ഒട്ടിച്ചേർന്ന അവസ്ഥയിലായതിനാൽ എടുക്കുന്നത് അപകടമാകുമെന്നും കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ശ്രമം ഡോക്ടർമാർ അവസാനിപ്പിക്കുകയായിരുന്നു. ഗൈഡ് വയറിന്റെ രണ്ടറ്റം ധമനിയുമായി ഒട്ടിച്ചേർന്ന നിലയിലാണ്. ഓപൺഹാർട്ട് ശസ്ത്രക്രിയ വഴി മാത്രമെ ഇനി ശ്രമം നടത്താൻ കഴിയൂ. ആശുപത്രി അധികൃതർ ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ഇതേതുടർന്ന് നിയമ നടപടികളിലേക്ക് കടക്കാനാണ് കുടുംബത്തിന്റെ തീരുമാനം.ഇക്കാര്യം വ്യക്തമാക്കി റിപ്പോർട്ട് നൽകിയതായി ബന്ധുക്കൾ അറിയിച്ചു. ഇന്ന് രാവിലെയോടെ സുമയ്യ ആശുപത്രി വിട്ടു. ശാരീരിക ബുദ്ധിമുട്ടുകളോടെ കഴിയുന്ന തനിക്ക് ഒരു ജോലി സർക്കാർ നൽകണം. അതിന് മുഖ്യമന്ത്രിയെ കാണും. കൂടാതെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് ഡയറക്ടർക്കും നൽകിയ പരാതിയിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും വീഴ്ചവരുത്തിയ ഡോക്ടർ സർവിസിൽ തുടരുകയാണെന്നും സുമയ്യ പറഞ്ഞു.
