അതും പൊളിഞ്ഞു; സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗണ്‍മാന്‍
കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് മര്‍ദനം ഏറ്റെന്ന് സ്ഥാപിക്കാനായി സിപിഎം കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളും പാളി. പാര്‍ട്ടി പുറത്ത് വിട്ട ദൃശ്യങ്ങളില്‍ മന്ത്രിയുടെ തൊട്ടടുത്ത് നില്‍ക്കുന്നത് ഗണ്‍മാനാണെന്ന് തെളിഞ്ഞു. കരിങ്കൊടി പിടിച്ച കെഎസ്‍യുക്കാരന്‍ പിന്നിലൂടെ വന്ന് ആക്രമിച്ചുവെന്നായിരുന്നു സിപിഎം വാദം. കറുത്ത വസ്ത്രം ചൂണ്ടികാണിച്ചായിരുന്നു മന്ത്രിയെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങളായി അവതരിപ്പിച്ചത്. സൈബര്‍ പ്രചാരണം ഏറ്റെടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജനും രംഗത്ത് വന്നു,എന്നാല്‍ ദൃശ്യങ്ങള്‍ സൂഷ്മതയോടെ പരിശോധിക്കുമ്പോള്‍ കറുത്ത വസ്ത്രം അണിഞ്ഞത് മന്ത്രിയുടെ ഗണ്‍മാന്‍ ആണെന്ന് തോളിലെ ബാഗടക്കമുള്ള ദൃശ്യങ്ങളില്‍ വ്യക്തം. മന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ ബാഗുമായി ഗണ്‍മാന്‍ അനുഗമിക്കുകയും ചെയ്യുന്നുണ്ട്. കെഎസ്‍യു പുറത്ത് വിട്ട ദൃശ്യങ്ങളില്‍ മന്ത്രിയും കരിങ്കൊടി പിടിച്ച പ്രവര്‍ത്തകനും തമ്മില്‍ അകലവുമുണ്ട്. ഇനി നിര്‍ണായകമാവേണ്ടത് സിസിടിവി ദൃശ്യങ്ങളാണ്. അത് പുറത്ത് വന്നാല്‍ മാത്രമേ മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റത് എങ്ങനെയെന്നതില്‍ വ്യക്തത വരികയുള്ളൂ.അതേസമയം, വീണാ ജോർജ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരും. കഴുത്തിനേറ്റ ക്ഷതം കാരണം കടുത്ത വേദന അനുഭവപ്പെടുന്നതിനാലാണ് ചികിത്സ തുടരാനുള്ള തീരുമാനം. മന്ത്രിയെ ആക്രമിച്ചെന്ന പരാതിയിൽ സിസിടിവി ദൃശ്യം ശേഖരിക്കാനുള്ള നടപടി റയിൽവെ പൊലീസ് ആരംഭിച്ചു. പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ടും വിദഗ്ധ ഡോക്ടർമാരും അടങ്ങിയ സംഘമാണ് രാവിലെ ആരോഗ്യ മന്ത്രിയെ വിശദമായി പരിശോധിച്ചത്. എംആർഐ പരിശോധനയിൽ കഴുത്തിന് ക്ഷതമുണ്ടായ കാര്യം സ്ഥിരീകരിച്ചിരുന്നു. ഈ ക്ഷതം കാരണമാണ് വേദന അനുഭവപ്പെടുന്നതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. നാളെ കൂടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് ഡോക്ടർമാർ വിലയിരുത്തിയത്. രക്തസമ്മർദവും മറ്റ് ആരോഗ്യ നിലയും സാധാരണ നിലയിലാണ്.കരിങ്കൊടി കാണിക്കുന്നതിൻ്റെ മറവിൽ കെഎസ്‍യു പ്രവർത്തകർ ശാരീരികമായി ആക്രമിച്ചെന്ന ആരോപണത്തിൽ മന്ത്രിയും സിപിഎമ്മും ഉറച്ചുനിൽക്കുന്നുണ്ട്. അക്രമം നടന്നോ എന്ന കാര്യം നിലവിലെ ദൃശ്യങ്ങളിൽ നിന്ന് ഇതുവരെ സ്ഥിരീകരിക്കാൻ റയിൽവെ പൊലീസിന് സാധിച്ചിട്ടില്ല. ഇതിനകത്ത് വ്യക്തത വരുത്താനാണ് റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, മന്ത്രിയുടെയും സി പി എമ്മിൻ്റെയും വാദം പൊള്ളയാണെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടാൽ ഒരു പവൻ സ്വർണ്ണം സമ്മാനമായി നൽകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു.





