അര്‍ധരാത്രി വരെ പാലം അവിടെയുണ്ട്, രാവിലെ കാണാനില്ല’; 10 ടണ്‍ ഭാരമുള്ള ഇരുമ്പുപാലം മോഷ്ടിച്ചു കടത്തി, അഞ്ചു പേര്‍ അറസ്റ്റില്‍

റായ്പുര്‍: പോക്കറ്റിലിരിക്കുന്ന പഴ്‌സ് മുതല്‍ റോഡില്‍ ഓടുന്ന വാഹനങ്ങള്‍ വരെ മോഷ്ടാക്കള്‍ കൊണ്ടുപോകാറുണ്ട്. വില കിട്ടുന്ന എന്തും മോഷ്ടാക്കളുടെ ലക്ഷ്യമാണ്. എന്നാല്‍, ഒരു പാലം തന്നെ മോഷ്ടിച്ചു കൊണ്ടുപോയി എന്ന് കേട്ടാലോ? അതും 40 വര്‍ഷത്തിലേറെയായി ഗ്രാമവാസികള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന വലിയൊരു ഇരുമ്പുപാലം! അങ്ങനെ സംഭവിച്ചിരിക്കുകയാണ് ഛത്തീസ്ഗഡിലെ കോര്‍ബയില്‍. ഒരാഴ്ച മുമ്പ് നടന്ന സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.കോര്‍ബയിലെ ഹസ്ദിയോ കനാലിന് കുറുകെ കാല്‍നടക്കായി ഉപയോഗിച്ചിരുന്ന പാലമാണ് മോഷ്ടാക്കള്‍ ആരുമറിയാതെ കഷണങ്ങളാക്കി കടത്തിയത്. 40 വര്‍ഷമായി പ്രദേശവാസികള്‍ ഉപയോഗിച്ചുവരുന്ന പാലത്തിന് 70 അടി നീളവും 10 ടണ്‍ ഭാരവുമുണ്ടായിരുന്നു. ഇക്കഴിഞ്ഞ 17ന് വരെ ആളുകള്‍ കനാലിന്റെ ഇരുവശത്തേക്കും പാലത്തിലൂടെ കടന്നതാണ്. 18ന് രാവിലെ നോക്കിയപ്പോഴാണ് പാലം അപ്രത്യക്ഷമായത് ശ്രദ്ധയില്‍പെട്ടത്. പൊലീസ് അന്വേഷണത്തില്‍, വന്‍ മോഷണ സംഘമാണ് പിന്നിലെന്ന് കണ്ടെത്തി. മോഷ്ടാക്കള്‍ ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കട്ടര്‍ കൊണ്ടുവന്ന് പാലത്തിന്റെ ഇരുമ്പ് റെയിലുകളും ഗര്‍ഡറുകളും ഒന്നൊന്നായി മുറിച്ചു കടത്തുകയായിരുന്നു. പാലം മോഷ്ടിച്ച സംഭവം മുനിസിപ്പാലിറ്റിയില്‍ വിവാദമായതോടെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു.ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ മോഷണത്തില്‍ പങ്കെടുത്ത 15 പേരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇതില്‍ അഞ്ചുപേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. ലോചന്‍ കേവാത്, ജയ്‌സിങ് രാജ്പുത്, മോത്തി പ്രജാപതി, സുമിത് സാഹു, കേശവ്പുരി ഗോസ്വാമി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാലം കഷണങ്ങളാക്കിയതില്‍ ഏഴു ടണ്‍ സമീപത്ത് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഇത് കൊണ്ടുപോകാന്‍ ഉപയോഗിച്ച ലോറിയും പിടിച്ചെടുത്തു. അതേസമയം, മോഷണത്തിന്റെ മുഖ്യ ആസൂത്രകരായ മുകേഷ് സാഹു, അസ്‌ലം ഖാന്‍ എന്നിവര്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പാലം കള്ളന്മാര്‍ കൊണ്ടുപോയതോടെ ടൗണിലേക്കെത്താന്‍ കനാലിനപ്പുറത്തുള്ളവര്‍ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണ്. സംഭവദിവസം രാത്രി 11 മണി വരെ പാലം അവിടെത്തന്നെ ഉണ്ടായിരുന്നെന്നാണ് നഗരസഭാംഗം പറഞ്ഞത്. കൃത്യമായി ആസൂത്രണം ചെയ്ത് ആറ് മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കിയ കവര്‍ച്ചയാണ് ഇതെന്ന് പൊലീസ് പറയുന്നു. മറ്റ് കൂടുതല്‍ ഇരുമ്പ് വസ്തുക്കള്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് മോഷ്ടിക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് പൊലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button