നാദാപുരം പുഴയിലെ ദുരന്തകാരണം ചതിക്കുഴി; മൂന്ന് പേരും ആണ്ട് പോയത് പുഴയിലെ പാലത്തിൻ്റെ തൂണിനടുത്തെ ചെളിയിൽ
കോഴിക്കോട് : നാടിനെ ദുഃഖ കയത്തിൽ ആഴ്ത്തിയ നാദാപുരം പേരോടിനടുത്തെ വേവം പുഴയിലെ ദുരന്തകാരണം മനുഷ്യ നിർമ്മിത ചതിക്കുഴി. മൂന്ന് പേരും ആണ്ട് പോയത് പുഴയിൽ അടുത്തിടെ നിർമ്മിച്ച പാലത്തിൻ്റെ തൂണിനടുത്തെ ചെളിയിൽ. വേനൽ കടുത്തതോടെ പുഴയിൽ ജലനിരപ്പ് കുറവായിരുന്നു.
പുളിയാവ് നാമത്ത് എളവന പുതിയ പാലത്തിൻ്റെ തൂണിന് സമീപം ചെറിയ വെള്ളകെട്ടിലാണ് മൂന്ന് പേരുടെ ജീവൻ പൊലിഞ്ഞു പോയത്. പുഴയിലെ ചെളി വില്ലനായി മാറി. ഹിസ മറിയമാണ് ആദ്യം വെള്ളത്തിൽ മുങ്ങി പോയത്. സമീപത്ത് അലക്കികൊണ്ടിരുന്ന ഉപ്പയുടെ സഹോദര ഭാര്യ സുഹാദ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ചെളിയിൽ മുങ്ങിപ്പോയി.
ഇരുവരെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഉപ്പയുടെ സഹോദരൻ അൻസാറിൻ്റെയും ജീവൻ പൊലിഞ്ഞു പോയത്.ഇവരുടെ വേർപാട് നാടിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.
സമീപവാസിയായ പുതിയോട്ടിൽ അഷ്റഫും നാട്ടുകാരും ചേർന്ന് വെള്ളത്തിൽ നിന്നും പുറത്തെടുത്തത് . ഇവരെ ആദ്യം എത്തിച്ച നാദാപുരം താലൂക്ക് ആശുപത്രിയിൽ ജനപ്രവാഹമായിരുന്നു. നാദാപുരം ആശുപത്രിയിലെ ജനബാഹുല്യം പോലീസ് എത്തിയാണ് നിയന്ത്രിച്ചത്.





