‘നിറങ്ങൾ മങ്ങുകില്ല കട്ടായം…’; ടീം പ്രഖ്യാപനത്തിനു പിന്നാലെ വേടന്റെ വരികൾ പങ്കുവെച്ച് സഞ്ജു സാംസൺ
2024ൽ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തിൽ സഞ്ജു സാംസണുണ്ടായിരുന്നു. കിരീടത്തിൽ മുത്തമിടാനും ഭാഗ്യമുണ്ടായി. അന്ന് ടീമിലിടം ലഭിച്ചപ്പോൾ വേടന്റെ പാട്ടിലെ ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന ആദ്യ വരി തന്റെ ചിത്രത്തോടൊപ്പം സമൂഹ മാധ്യമങ്ങളിൽ സഞ്ജു പങ്കുവെച്ചിരുന്നു. 2026ലെ ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം ലഭിക്കുമോയെന്നതിനെക്കുറിച്ചുള്ള ആശങ്കക്കും ആകാംക്ഷക്കും വിരാമമായി. സ്ക്വാഡിൽ ഓപണറായി തന്നെ ഉൾപ്പെടുത്തിയപ്പോൾ വേടന്റെ അതേ പാട്ടിലെ ‘നിറങ്ങൾ മങ്ങുകില്ല കട്ടായം’ എന്ന രണ്ടാമത്തെ വരിയാണ് സഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്.കഴിഞ്ഞ തവണ ഒരു കളിയിലും അവസരം കിട്ടിയിരുന്നില്ല. ഋഷഭ് പന്തായിരുന്നു വിക്കറ്റ് കീപ്പർ. എസ്. ശ്രീശാന്തിനുശേഷം ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളിയാണ് സഞ്ജു. ശ്രീശാന്ത് 2007 ട്വന്റി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവയുടെ ഭാഗമായിരുന്നു. രണ്ടിലും കിരീടം നേടി. 2026ലെ ലോകകപ്പിനായുള്ള ഇന്ത്യൻ സ്ക്വാഡിൽനിന്ന് നിലവിലെ ഉപനായകനും ഓപണറുമായ ശുഭ്മൻ ഗിൽ പുറത്തായി. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ ഒന്നാം വിക്കറ്റ് കീപ്പറും ഓപണറുമായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനും ഇടംപിടിച്ചപ്പോൾ മധ്യനിരയിൽ റിങ്കു സിങ് തിരിച്ചെത്തി. അക്ഷർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. സഞ്ജുവും അഭിഷേക് ശർമയുമാണ് ഓപണർമാർ. ബാറ്റർമാരായി ക്യാപ്റ്റൻ സൂര്യ, തിലക് വർമ, റിങ്കു സിങ് തുടങ്ങിയവരുണ്ട്. പേസ് ഓൾ റൗണ്ടർമാരായി ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, സ്പിൻ ഓൾ റൗണ്ടർമാരായി അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, സ്പെഷലിസ്റ്റ് പേസർമാരായി ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, ഹർഷിത് റാണ, സ്പെഷലിസ്റ്റ് സ്പിന്നർമാരായി വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിങ്ങനെയാണ് ടീം വിന്യാസം. ഫെബ്രുവരി ഏഴു മുതൽ മാർച്ച് എട്ട് വരെയാണ് ലോകകപ്പ്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ്. ഗ്രൂപ് എയിൽ ഇരുരാജ്യങ്ങള്‍ക്കും പുറമെ യു.എസ്, നമീബിയ, നെതർലൻഡ്‌സ് ടീമുകളുമുണ്ട്. ഫെബ്രുവരി ഏഴിന് മുംബൈയിൽ ഇന്ത്യയും യു.എസും ഏറ്റുമുട്ടും. ഫെബ്രുവരി 15ന് കൊളംബോയിലാണ് ഇന്ത്യ-പാക് മത്സരം. ഇന്ത്യയിലെ അഞ്ച് വേദികളിലും ശ്രീലങ്കയിലെ മൂന്ന് വേദികളിലുമായി എട്ട് സ്റ്റേഡിയങ്ങളിലായാണ് മത്സരം. 20 ടീമുകൾ ലോകകപ്പിൽ മാറ്റുരക്കും. ഓരോ ഗ്രൂപ്പിൽനിന്നും ആദ്യ രണ്ട് ടീമുകൾ സൂപ്പർ എട്ട് റൗണ്ടിലേക്ക് മുന്നേറും.





