നായ കടിച്ച മുറിവിന്‍റെ വലിപ്പം 12 സെ.മീ., 42 പല്ലും ആഴ്ന്നിറങ്ങിയതിനാൽ 20 ലക്ഷം രൂപ വേണം; കണക്ക് നിരത്തി നഷ്ടപരിഹാരം തേടി സ്ത്രീ കോടതിയിൽ

ന്യൂഡൽഹി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കണക്ക് നിരത്തി 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡൽഹി ഹൈകോടതിയിൽ ഹരജി. ഡൽഹി മുനിസിപ്പൽ കോർപറേഷൻ 20 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക റായ് എന്ന സ്ത്രീയാണ് ഹൈകോടതിയെ സമീപിച്ചത്.പഞ്ചാബ്-ഹരിയാന ഹൈകോടതി 2023ൽ പുറപ്പെടുവിച്ച വിധിയിൽ മുന്നോട്ടുവെച്ച ഒരു ഫോർമുല ആധാരമാക്കിയാണ് ഹരജിക്കാരി 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. നായ് കടിച്ചപ്പോൾ എത്ര പല്ലുകൾ ഇറങ്ങിയാണ് മുറിവേറ്റതെന്നും, മാംസം കടിച്ചെടുത്തിട്ടുണ്ടോ എന്നതും കണക്കിലെടുത്ത് നഷ്‍ടപരിഹാരം നിർണയിക്കണമെന്നായിരുന്നു കോടതി ഉത്തരവിലെ നിർദേശം.ഇതനുസരിച്ച് തനിക്കേറ്റ മുറിവ് 0.2 സെന്‍റിമീറ്റർ ഉണ്ടെങ്കിൽ 20,000 രൂപ കണക്കാക്കാം. തനിക്കുണ്ടായ മുറിവിന്‍റെ വലുപ്പം 12 സെന്‍റിമീറ്റർ ആണെന്നും, അതിന് 12 ലക്ഷം രൂപ വരുമെന്നും സ്ത്രീ പറയുന്നു. നായയുടെ ഒരു പല്ല് ഇറങ്ങിയിട്ടുണ്ടെങ്കിൽ അതിന് 10,000 രൂപയാണ് കോടതിയുടെ കണക്ക്. തനിക്കേറ്റ മുറിവിൽ നായയുടെ 42 പല്ലും ഇറങ്ങിയെന്നും ആ വകയിൽ 4.2 ലക്ഷം രൂപ വരുമെന്നുമാണ് അവകാശവാദം. തനിക്കുണ്ടായ മാനസിക വ്യഥക്ക് 3.8 ലക്ഷം രൂപയും കണക്കാക്കിയാണ് മൊത്തം നഷ്‍ടപരിഹാര തുക 20 ലക്ഷത്തിൽ എത്തിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button