അതിർത്തിയിൽ ഇനി കളി മാറും, ഇസ്രയേൽ കരുത്തിൽ ഇന്ത്യയുടെ ‘സൂര്യാസ്ത്ര’, പാകിസ്താൻ്റെ ഫത്താ-2വിന് മറുപടി
ന്യൂഡൽഹി: അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ അത്യാധുനിക ‘സൂര്യാസ്ത്ര’ ലോങ്ങ് റേഞ്ച് റോക്കറ്റ് ലോഞ്ചർ സംവിധാനം സ്വന്തമാക്കി ഇന്ത്യൻ സൈന്യം. പാകിസ്താൻ്റെ പക്കലുള്ള ഫത്താ-2 (Fatah-2) മിസൈൽ സംവിധാനത്തിന് കൃത്യമായ മറുപടി നൽകുക എന്ന ലക്ഷ്യത്തോടെയാണ് അതിവേഗത്തിൽ ‘സൂര്യാസ്ത്ര’യെ സേനയുടെ ഭാഗമാക്കുന്നത്. 150 കിലോമീറ്റർ മുതൽ 300 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള ശത്രുലക്ഷ്യങ്ങളെ നിഷ്പ്രഭമാക്കാൻ സൂര്യാസ്ത്രയ്ക്ക് ശേഷിയുണ്ട്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത അസാമാന്യമായ കൃത്യതയാണ്.
ലക്ഷ്യസ്ഥാനത്തിന്റെ വെറും അഞ്ച് മീറ്റർ ചുറ്റളവിൽ കൃത്യമായി പ്രഹരിക്കാൻ കഴിയുന്ന ‘സർക്കുലർ എറർ പ്രോബബിൾ’ (CEP) സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരേ ലോഞ്ചറിൽ നിന്ന് തന്നെ 122 എംഎം, 306 എംഎം, 370 എംഎം എന്നിങ്ങനെ വ്യത്യസ്ത അളവിലുള്ള റോക്കറ്റുകൾ തൊടുക്കാൻ സാധിക്കും. കൂടാതെ, ആധുനിക യുദ്ധമുറകളിൽ നിർണ്ണായകമായ ‘സ്കൈ സ്ട്രൈക്കർ’ (SkyStriker) പോലുള്ള ചാവേർ ഡ്രോണുകളെയും ഈ ലോഞ്ചറിൽ നിന്ന് വിക്ഷേപിക്കാം.
ഇസ്രയേലിന്റെ എൽബിറ്റ് സിസ്റ്റംസുമായി (Elbit Systems) സഹകരിച്ച് പുണെ ആസ്ഥാനമായുള്ള നിബെ ലിമിറ്റഡാണ് (NIBE Ltd) സൂര്യാസ്ത്ര ഇന്ത്യയിൽ നിർമ്മിക്കുന്നത്.
സ്‌കൈ സ്ട്രൈക്കർ (SkyStriker) പോലുള്ള ചാവേർ ഡ്രോണുകളെയും (loitering munitions) ഇതിൽനിന്ന് വിക്ഷേപിക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരേസമയം വ്യത്യസ്ത തരത്തിലുള്ള ആക്രമണങ്ങൾക്കായി ഇവയെ ഉപയോഗിക്കാം. ആധുനിക യുദ്ധത്തിൽ ചാവേർ ഡ്രോണുകളുടെ പ്രധാന്യം കൂടിവരുന്ന പശ്ചാത്തലത്തിൽ സൂര്യാസ്ത്രയുടെ സാന്നിധ്യം സേനയ്ക്ക് കരുത്തുനൽകും.
പാകിസ്താൻ സൈന്യത്തിന്റെ കൈവശമുള്ള ഫത്ത-2 ഒരു ഗൈഡഡ് ആർട്ടിലറി റോക്കറ്റ് സംവിധാനമാണ്. ഏകദേശം 250 മുതൽ 400 കിലോമീറ്റർ വരെ ദൂരപരിധി ഇതിനുണ്ട്. ഇതിന്റെ ഫ്‌ലാറ്റ് ട്രജക്ടറി (flat trajectory) കാരണം റഡാറുകൾക്ക് ഇതിനെ കണ്ടെത്താനും പ്രതിരോധിക്കാനും ബുദ്ധിമുട്ടാണ്. 10 മീറ്ററിൽ താഴെയാണ് ഇതിന്റെ കൃത്യത (CEP). ഈ സാഹചര്യത്തിലാണ് ഇന്ത്യ സൂര്യാസ്ത്രയെ സേനയുടെ ഭാഗമാക്കുന്നത്.





