സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. പോയന്റ് നിലയിൽ മുന്നിൽ കണ്ണൂർ, തൊട്ടുപിന്നിൽ തൃശൂരും പാലക്കാടും
തൃശൂരിൽ കലോത്സവപ്പോര് കനക്കുമ്പോൾ തലയെടുപ്പോടെ മുന്നിലുള്ളത് കണ്ണൂർ. 955 പോയിൻന്റാണ് കണ്ണൂർ സ്വന്തമാക്കിയത്. തൊട്ടുപിന്നിൽ ആതിഥേയരായ തൃശൂർ 950 പോയിന്റുമായി മത്സരം കടുപ്പിക്കുന്നുണ്ട്. മൂന്നാം സ്ഥാനത്തുള്ള പാലക്കാടിന് 947 പോയിന്റാണുള്ളത്. 946 പോയിന്റുമായി കോഴിക്കോട് നാലാം സ്ഥാനത്ത് ആണ്.
ഇന്ന് കലോത്സവം അവസാനിക്കാനിരിക്കെ സദസ്സുകളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച വൈകീട്ടോടെയാണ് ജനസാഗരം ഇരമ്പയെത്താൻ തുടങ്ങിയത്. തൃശൂർ അക്ഷരാർഥത്തിൽ മറ്റൊരു പൂരത്തിരക്കാണ് അനുഭവിക്കുന്നത്.
ഇന്ന് ലാലേട്ടന്റെ പക്കൽ നിന്നും സ്വർണക്കപ്പ് ആരു സ്വീകരിക്കുമെന്ന് ആതിഥേയരായ പൂരപ്രേമികൾക്കൊപ്പം കലാകേരളവും കാത്തിരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരം നാല് മണിക്കാണ് സമാപന സമ്മേളനം ആരംഭിക്കുന്നത്. കലോത്സവ വിജയികൾക്കുള്ള സ്വർണക്കപ്പ് വിതരണവും മികച്ച മാധ്യമ പ്രവർത്തകർക്കുള്ള അവാർഡുകളും സമാപന വേദിയിൽ നൽകും. സമാപനസമ്മേളനം നടക്കുന്ന ഒന്നാം വേദിയിൽ നടൻ മോഹൻലാൽ കൂടി എത്തുന്നതോടെ തിരക്ക് ഉച്ചസ്ഥായിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.





