ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തിയറ്റർ ഇന്ത്യയിൽ; മൈനസ് 28 ഡിഗ്രിയിലും സിനിമ കാണാം!
വിവിധ ഭാഷകൾ, വ്യത്യസ്തമായ ആചാരങ്ങൾ, വിസ്മയിപ്പിക്കുന്ന കഥപറച്ചിൽ രീതികൾ ഇവയെല്ലാം ചേരുമ്പോൾ സിനിമ ലോകത്തിന് മുന്നിൽ ഒരു അത്ഭുതമായി മാറുന്നു. ഭാഷാഭേദമന്യേ സിനിമയെ സ്നേഹിക്കുന്ന ഒരു വലിയ ആരാധകവൃന്ദം തന്നെയാണ് ഈ വ്യവസായത്തിന്റെ കരുത്ത്. ഇന്ത്യയിലെ ജീവിതത്തിന്റെ വലിയൊരു ഭാഗമാണ് സിനിമകൾ. എല്ലായിടത്തും ആരാധകരുണ്ട്. മുംബൈയിൽ ബോളിവുഡായാലും, ഹൈദരാബാദിൽ ടോളിവുഡായാലും, ചെന്നൈയിൽ കോളിവുഡായാലും, എല്ലാ സംസ്ഥാനങ്ങളിലെയും പ്രാദേശിക സിനിമാ വ്യവസായങ്ങളായാലും, എല്ലാ മേഖലകളിലുമുള്ള ആളുകൾ സിനിമയെ സ്നേഹിക്കുന്നു. പരമ്പരാഗത സിംഗ്ൾ സ്‌ക്രീനുകൾ മുതൽ ആധുനിക മൾട്ടിപ്ലക്‌സുകൾ വരെ ധാരാളം തിയറ്ററുകൾ ഇന്ത്യയിലുണ്ട്. ഒരുകാലത്ത് സിംഗ്ൾ സ്‌ക്രീൻ സിനിമാശാലകൾ സാധാരണമായിരുന്നെങ്കിൽ ഇന്ന് മൾട്ടിപ്ലക്‌സുകൾ കൂടുതൽ ജനപ്രിയമായി. ഒന്നിലധികം സ്‌ക്രീനുകൾ, മികച്ച ശബ്‌ദം, ഹൈ-ഡെഫനിഷൻ വിഷ്വലുകൾ, സുഖപ്രദമായ ഇരിപ്പിടങ്ങൾ എന്നിവയുള്ള മൾട്ടിപ്ലക്‌സുകളിൽ പോകാൻ ആളുകൾക്ക് ഇഷ്ടമാണ്. ഉയർന്ന നിലവാരത്തിൽ സിനിമകൾ ആസ്വാദകരും ഇഷ്ടപ്പെടുന്നതിനാൽ രാജ്യത്തുടനീളമുള്ള സിനിമാശാലകൾ നിരന്തരം നവീകരിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിനിമാ തിയറ്റർ ഇന്ത്യയിലാണ്. ലഡാക്കിലെ ലേ എന്ന സ്ഥലത്താണ് ഈ റെക്കോർഡ് തിയറ്റർ സ്ഥിതി ചെയ്യുന്നത്. ലഡാക്കിലെ ലേയിൽ 11,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മൾട്ടിപ്ലക്‌സ് തുറന്നുകൊണ്ട് പി.വി.ആർ ഐനോക്സ് ചരിത്രം കുറിച്ചിരിക്കുകയാണ്. 2K പ്രൊജക്ഷൻ, ഡോൾബി 7.1 സറൗണ്ട് സൗണ്ട്, അടുത്ത തലമുറ 3D സാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള മികച്ച സാങ്കേതികവിദ്യ ഈ പുതിയ സിനിമ തിയറ്റർ വാഗ്ദാനം ചെയ്യുന്നു. ലേയിലെ ആദ്യത്തെ സംഘടിത ഫുഡ് കോർട്ടും ഈ മൾട്ടിപ്ലക്സിൽ ഉണ്ട്. കെ.എഫ്.സി, പിസ്സ ഹട്ട്, കോസ്റ്റ കോഫി തുടങ്ങിയ ജനപ്രിയ ബ്രാൻഡുകൾ ഇവിടെ ലഭ്യമാണ്. കഠിനമായ തണുപ്പിലും (മൈനസ് 28 ഡിഗ്രി സെൽഷ്യസ് വരെ) സുഖകരമായി സിനിമ കാണാൻ കഴിയുന്ന രീതിയിലാണ് ഇതിനുള്ളിലെ താപനില ക്രമീകരിച്ചിരിക്കുന്നത്. 2021ലാണ് ഇത് പ്രവർത്തനമാരംഭിച്ചത്. ‘ബെൽബോട്ടം’ എന്ന ബോളിവുഡ് സിനിമയാണ് ഇവിടെ ആദ്യമായി പ്രദർശിപ്പിച്ചത്. 2025 ഡിസംബർ അവസാനത്തോടെയാണ് ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള മൾട്ടിപ്ലക്സ് തിയറ്റർ പ്രവർത്തനമാരംഭിച്ചത്. സിനിമ കാണാനുള്ള ഒരു സ്ഥലം മാത്രമല്ല, ഹിമാലയത്തിന്റെ അതിശയിപ്പിക്കുന്ന കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന തദ്ദേശീയർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ അനുയോജ്യമായ ഒരു സാമൂഹിക കേന്ദ്രം കൂടിയാണിത്.





