ഇഷ്ടവാഹനം സ്വന്തമാക്കാൻ ഇതും ഒരു മികച്ച അവസരം; ടാറ്റ, മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ നിർമാതാക്കളുടെ ദീപാവലി ഓഫറുകൾ തുടരുന്നു…
രാജ്യത്തെ വാഹനനിർമാതാക്കളെ കൂടാതെ വിദേശ നിർമിത വാഹനങ്ങൾക്കും മികച്ച ഡിസ്കൗണ്ടും പ്രത്യേക ഓഫറുകളുമാണ് ദീപാവലിയോടനുബന്ധിച്ച് വാഹന കമ്പനികൾ നൽകുന്നത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വാഹനങ്ങൾക്ക് കമ്പനികൾ ഏർപ്പെടുത്തിയ ആനുകൂല്യങ്ങൾ ഏതാനം ദിവസങ്ങൾകൂടി തുടരുമെന്ന് ചില വാഹനനിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. മികച്ച ഓഫറുകളോടെ സ്വന്തമാക്കാവുന്ന വാഹനങ്ങളുടെ വിവരങ്ങൾ താഴെ ചേർക്കുന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര മഹീന്ദ്ര XUV 3XO മഹീന്ദ്രയുടെ സബ്-ഫോർ-മീറ്റർ കോംപാക്ട് എസ്.യു.വിയാണ് XUV 3XO. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി 45,000 രൂപവരെ ആനുകൂല്യം ഈ മോഡലിന് ലഭിക്കും. എന്നിരുന്നാലും വകഭേദം അനുസരിച്ച് ആനുകൂല്യത്തിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഏറ്റവും താഴ്ന്ന വേരിയന്റുകൾക്ക് 20,000 മുതലുള്ള ഡിസ്കൗണ്ട് മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. മഹീന്ദ്ര സ്കോർപിയോ എൻ ‘ബിഗ് ഡാഡി’ എന്ന വിശഷണത്തിൽ അറിയപ്പെടുന്ന കരുത്തനായ മിഡ്-സൈസ്, ത്രീ റോ എസ്.യു.വിയാണ് സ്കോർപിയോ എൻ. ദീപാവലി ഉത്സവകാലത്ത് വാഹനത്തിന്റെ Z4 ട്രിം സ്വന്തമാക്കുന്നവർക്ക് 25,000 രൂപയും Z6, Z8 വേരിയറ്റുകൾക്ക് 40,000 രൂപയും ആനുകൂല്യം ലഭിക്കും. മാരുതി സുസുകി മാരുതി സുസുകി ഫ്രോങ്സ് മാരുതിയുടെ ബെസ്റ്റ് സെല്ലിങ് കോംപാക്ട് ക്രോസോവർ എസ്.യു.വിയാണ് ഫ്രോങ്സ്. ഈ മോഡലിന് 88,000 രൂപ വരെയുള്ള (30,000 രൂപ ക്യാഷ് + 15,000 രൂപ സ്ക്രാപ്പേജ് + 43,000 രൂപ ആക്സസറികൾ) ഓഫറുകൾ ലഭിക്കുന്നു. മാരുതി സുസുകി ജിംനി ഓഫ്-റോഡിലും ഓൺ-റോഡിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്ന കോംപാക്ട് സൈസ് എസ്.യു.വിയാണ് ജിംനി. റെട്രോ, ബോക്സി ഡിസൈനിൽ വിപണിയിൽ എത്തുന്ന ഈ കുഞ്ഞൻ 4×4 വാഹനത്തിന്റെ ആൽഫ ട്രിമിന് 70,000 രൂപവരെയുള്ള ഡിസ്കൗണ്ടുകളാണ് മാരുതി പ്രഖ്യാപിച്ചിരിക്കുന്നത്. ടാറ്റ മോട്ടോർസ് ടാറ്റ പഞ്ച് ടാറ്റ മോട്ടോഴ്സിന്റെ മൈക്രോ എസ്.യു.വിയാണ് ടാറ്റ പഞ്ച്. ഗ്ലോബൽ ക്രാഷ് ടെസ്റ്റിൽ (ജി.എൻ.സി.എ.പി) 5 സ്റ്റാർ സുരക്ഷ വാഗ്ദാനം ചെയ്യുന്ന വാഹനത്തിന് 20,000 രൂപയുടെ ക്യാഷ്, എക്സ്ചേഞ്ച് ഓഫറുകൾ കമ്പനി നൽകുന്നുണ്ട്. ടാറ്റ ഹാരിയർ ടാറ്റ സഫാരിയുടെ നിർമാണം അവസാനിപ്പിച്ച ടാറ്റ, വിപണിയിൽ എത്തിച്ച പ്രീമിയം മിഡ്-സൈസ് എസ്.യു.വിയാണ് ഹാരിയർ. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇലക്ട്രിക് പതിപ്പും നിരത്തുകളിൽ എത്തിച്ച ടാറ്റ ഹാരിയറിന്റെ ഫേസ് ലിഫ്റ്റ് വകഭേദവും അടുത്തിടെ പുറത്തിറക്കിയിരുന്നു. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഫിയർലെസ് എക്സ് ട്രിം മോഡലിന് 50,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ ടാറ്റ പ്രഖ്യാപിച്ചിട്ടുണ്ട്. ഹ്യുണ്ടായ് ഹ്യുണ്ടായ് എക്സ്റ്റർ ദക്ഷിണ കൊറിയൻ വാഹനനിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർകോർപിന്റെ മൈക്രോ എസ്.യു.വി വാഹനമാണ് എക്സ്റ്റർ. ഒട്ടനവധി ഫീച്ചറുകൾ ഉൾപ്പെടുത്തി നിരത്തുകളിൽ എത്തുന്ന വാഹനത്തിന് പരമാവധി 45,000 രൂപയുടെ ഓഫറുകൾ ലഭിക്കുന്നു (25,000 രൂപ വരെ – നോൺ പ്രോ പായ്ക്ക് / 20,000 രൂപ – പ്രോ പായ്ക്ക് + 20,000 രൂപ വരെ എക്സ്ചേഞ്ച് എന്നിവ ഉൾപ്പെടുത്തി). ഹ്യുണ്ടായ് വെന്യൂ ഹ്യുണ്ടായ് മോട്ടോഴ്സിന്റെ സബ് കോംപാക്ട് എസ്.യു.വി വാഹനമായ വെന്യൂ 45,000 രൂപവരെയുള്ള ആനുകൂല്യത്തിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. വെന്യൂ1.2 മോഡലിന് 30,000 രൂപയുടെ ക്യാഷ് ആനുകൂല്യവും 15,000 രൂപ എക്സ്ചേഞ്ച് ഓഫറും ലഭിക്കും. വെന്യൂ ടർബോ വകഭേദത്തിന് 10,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപയുടെ പരമാവധി എക്സ്ചേഞ്ച് ബോണസും ലഭിക്കും. കിയ മോട്ടോർസ് ഹ്യുണ്ടായ് മോട്ടോഴ്സിനെ കൂടാതെ മറ്റൊരു ദക്ഷിണ കൊറിയൻ വാഹനനിർമാതാക്കളായ കിയ മോട്ടോഴ്സും ദീപാവലി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കിയ സോണറ്റ് കിയ മോട്ടോഴ്സിന്റെ സബ്-ഫോർ-മീറ്റർ കോംപാക്ട് എസ്.യു.വിയാണ് സോണറ്റ്. 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപ എക്സ്ചേഞ്ച് ബോണസും 15,000 രൂപയുടെ കോർപറേറ്റ് ഓഫറുകളും ഉൾപ്പെടെ 45,000 രൂപവരെയുള്ള ആനുകൂല്യം സോണറ്റിന് ലഭിക്കും. കിയ സെൽത്തോസ് കിയയുടെ ബെസ്റ്റ് സെല്ലിങ് കോംപാക്ട് എസ്.യു.വിയാണ് സെൽത്തോസ്. 2023ൽ ഫേസ് ലിഫ്റ്റ് ലഭിച്ച വാഹനത്തിന് ലെവൽ 2 ADAS ഫീച്ചർ ഉൾപ്പെടെയുണ്ട്. 30,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 30,000 രൂപ എക്സ്ചേഞ്ച് ബോണസ്, 15,000 രൂപ കോർപറേറ്റ് ഡിസ്കൗണ്ട് ഉൾപ്പെടെ 75,000 രൂപവരെയുള്ള ആനുകൂല്യങ്ങൾ മോഡലിന് ലഭിക്കുന്നു. അറിയിപ്പ്: ഈ വിവരങ്ങൾ ഡീലർഷിപ്പുകൾ വഴി ശേഖരിച്ചതാണ്. ഡീലർഷിപ്പുകളും സംസ്ഥാനങ്ങളും അനുസരിച്ച് ലഭിക്കുന്ന ഓഫറിൽ വ്യത്യാസമുണ്ടാകാം.
