ഓൺലൈൻ ട്രേഡിങിന്റെ പേരിൽ വ്യവസായിയിൽ നിന്ന് 25 കോടി രൂപ തട്ടി; മൂന്നുപേർ പിടിയിൽ
കൊച്ചി: എറണാകുളത്ത് ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ വ്യവസായിയിൽ നിന്ന് 25 കോടി രൂപ തട്ടിയ കേസിൽ മൂന്നുപേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ റഹീസ്, അൻസാർ, അനീസ് എന്നിവരാണ് പിടിയിലായതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. പ്രതികൾ ഉപയോഗിച്ചിരുന്ന 40ഓളം ബാങ്ക് അക്കൗണ്ടുകളും ലഭിച്ചു. പിടിയിലായവർക്ക് കൂടുതൽ കേസുകളിൽ പങ്കുണ്ടെന്നും പുട്ട വിമലാദിത്യ പറഞ്ഞു. കോഴിക്കോട് നിന്നാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും മൊബൈൽ ഫോൺ, സിം കാർഡുകൾ, ബാങ്ക് രേഖകൾ എന്നിവ കണ്ടെടുത്തു. പലരുടെ പേരിലുള്ള അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത് പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി. 3.4 ലക്ഷം രൂപ പ്രതികള് കൈക്കലാക്കി. റഹീസാണ് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്. കേസിൽ നിലവിൽ നാലുപേർ അറസ്റ്റിലായി. കൊല്ലം സ്വദേശി സുജിതയാണ് നേരത്തെ അറസ്റ്റിലായത്.
