പൊതുവിവരവും പദസമ്പത്തും വർധിപ്പിക്കണം; സർക്കാർ സ്‌കൂളുകളിൽ പത്രവായന നിർബന്ധമാക്കി രാജസ്ഥാൻ സർക്കാർ
ജയ്പൂർ: വായനാശീലം വർധിപ്പിക്കുക, പദസമ്പത്ത് കൂട്ടുക, പൊതുഅവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് രാജസ്ഥാൻ സർക്കാർ സ്‌കൂളുകളിൽ പത്രവായന നിർബന്ധമാക്കിയിരിക്കുന്നത്. സ്‌കൂൾ അസംബ്ലിയിൽ ദിവസവും പത്രം വായിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ഡിസംബർ 31 നാണ് രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങൾ വായിക്കണമെന്നാണ് നിർദേശം. ചെറിയ പ്രായത്തിൽ തന്നെ പത്രം വായിക്കുന്നത് കുട്ടികളിൽ പൊതുവിഷയങ്ങൾ അവലോകനം ചെയ്യാനുള്ള ശേഷി ഉണ്ടാവും എന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നുണ്ട്. സീനിയർ സെക്കണ്ടറി സ്‌കൂളുകളിൽ ഒരു ഇംഗ്ലീഷ് പത്രവും ഒരു ഹിന്ദി പത്രവും ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. അപ്പർ പ്രൈമറി സ്‌കൂളുകളിൽ രണ്ട് ഹിന്ദി പത്രങ്ങൾ ഉറപ്പു വരുത്തണമെന്നും ഉത്തരവിലുണ്ട്. സ്‌കൂളിൽ പത്രം വരുത്തുന്നതിന്റെ ചിലവ് ജയ്പൂരിലെ സ്‌കൂൾ വിദ്യാഭ്യാസ കൗൺസിൽ വഹിക്കുമെന്നും ഉത്തരവിലുണ്ട്. പുതിയതായി പരിചയപ്പെടുന്ന അഞ്ച് വാക്കുകളും അവയെ കുറിച്ചുള്ള വിശദീകരണവും വിദ്യാർഥികൾക്ക് നൽകണം. അസംബ്ലിയിൽ പത്രവായന നടത്തുന്നതിനോടൊപ്പം തന്നെ പ്രധാന ദേശിയ, അന്തർദേശിയ വാർത്തകൾ, എഡിറ്റോറിയലുകൾ എന്നിവ ക്ലാസ് തിരിച്ച് ചർച്ച നടത്താനും കുട്ടികളെ പ്രേരിപ്പിക്കണമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ ഉണ്ട്.





