ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടി; വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: യാത്രാടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. ഡിസംബർ 26 മുതൽ നിരക്ക് വർധന നിലവിൽ വരും. 600 കോടി രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 215 കിലോമീറ്ററിൽ കൂടുതലുള്ള യാത്രക്കാണ് ടിക്കറ്റ് നിരക്ക് വർധനയുണ്ടാവുക. പാസഞ്ചർ ട്രെയിനുകളിൽ ഒരു പൈസയും മെയിൽ/എക്സ്പ്രസ് നോൺ എസി, എസി കോച്ചുകളിലെ യാത്രകൾക്ക് കിലോമീറ്ററിന് രണ്ട് പൈസയുമാണ് വർധന.നോൺ എസി കോച്ചിൽ 500 കിലോമീറ്റർ യാത്ര ചെയ്യുന്നവർ 10 രൂപ അധികമായി നൽകണം. സബർബൻ, സീസൺ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചിട്ടില്ല. 2018ന് ശേഷം ഇന്ത്യയിൽ റെയിൽവേ നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും നടത്തിപ്പ് ചെലവ് വർധിച്ചതിനാലാണ് ഇപ്പോൾ ചാർജ് കൂട്ടുന്നതെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.ക്രിസ്മസ്, പുതുവത്സര സീസൺ ലക്ഷ്യമിട്ട് എട്ട് സോണുകളിലായി 244 പ്രത്യേക ട്രെയിൻ സർവീസ് നടത്താൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള കൂടുതൽ സർവീസുകളെ കുറിച്ചുള്ള വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടും. മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും അതിനായുള്ള ഭൂമിയേറ്റെടുക്കൽ പൂർത്തിയായെന്നും റെയിൽവേ അറിയിച്ചു.





