മകളെപ്പോലെ കണ്ടു, വീട്ടുജോലിക്കാരിയുടെ പേരിൽ 5 കോടിയുടെ സ്വത്ത് എഴുതിക്കൊടുത്തു; ഒടുവിൽ സംഭവിച്ചത്!
ബംഗളൂരു: വീട്ടുജോലിക്കാരോട് വളരെ ക്രൂരമായി പെരുമാറുന്ന വീട്ടുടമകളെക്കുറിച്ചുള്ള കഥകൾ കേട്ടിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാൽ ചിലരുണ്ട് വീട്ടിൽ ജോലി ചെയ്യുന്നവരെ സഹാനുഭൂതിയോട് കണ്ട് കുടുംബത്തിലൊരാളായി കണക്കാക്കുന്നവര്‍. എന്നിട്ടും വീട്ടുടമസ്ഥനെ കബളിപ്പിച്ചാലോ? തീര്‍ച്ചയായും അതൊരു വലിയ വിശ്വാസ വഞ്ചനയാണ്. 5 കോടി രൂപയുടെ സ്വത്തിന് അവകാശിയാണെന്നറിഞ്ഞിട്ടും അത്യാഗ്രഹം തീരാതെ ജോലിക്ക് നിൽക്കുന്ന വീട്ടിൽ നിന്നും 50 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങൾ മോഷ്ടിച്ച വീട്ടുജോലിക്കാരിയുടെ ഞെട്ടിക്കുന്ന കഥയാണ് ബംഗളൂരുവിൽ നിന്നും പുറത്തുവരുന്നത്.ബംഗളൂരുവിലെ ജെപി നഗറിലാണ് സംഭവം നടന്നത്. 60കാരിയായ ആശാ ജാദവിനെയാണ് വീട്ടിൽ 15 വര്‍ഷമായി ജോലി ചെയ്യുന്ന മംഗള (32) കബളിപ്പിച്ച് കടന്നുകളഞ്ഞത്. മക്കളില്ലാത്ത ആശ ഭര്‍ത്താവിന്‍റെ മരണശേഷം തനിച്ചായപ്പോഴാണ് മൈസൂരിലെ ടി നരസിപുരയിൽ നിന്നുള്ള മംഗളയെ കൂടെക്കൂട്ടുന്നത്. കാലക്രമേണ ഇരുവരും തമ്മിലുള്ള ബന്ധം ദൃഢമായി. തനിക്ക് ജനിക്കാതെ പോയ മകളെന്നാണ് മംഗളയെ ആശ വിശേഷിപ്പിച്ചിരുന്നത്. ആഘോഷങ്ങൾ വരുമ്പോൾ മംഗളക്ക് ആശ വില കൂടിയ വസ്ത്രങ്ങൾ വാങ്ങിനൽകുകയും ശമ്പളം കൂടാതെ കൂടുതൽ പണം നൽകുകയും ചെയ്തിരുന്നു. കൂടാതെ മംഗളയുടെ 40 ലക്ഷം രൂപയുടെ വായ്പ തിരിച്ചടച്ച് പണയത്തിലായിരുന്ന വീട് തിരികെ നൽകുകയും ചെയ്തു. മംഗളയും സ്വന്തം അമ്മയെപ്പോലെ കണ്ടാണ് കിടപ്പിലായ ആശയെ പരിചരിച്ചിരുന്നത്. തന്നോട് കാണിക്കുന്ന സ്നേഹത്തിനും വിശ്വസ്തതക്കും പ്രതിഫലമായി ഉടമസ്ഥ ജെപി നഗറിലെ കോടിക്കണക്കിന് വിലമതിക്കുന്ന തൻ്റെ വസ്തുവകകളിൽ 5 കോടി രൂപയുടെ വീട് മംഗളയ്ക്ക് വേണ്ടി വിൽപ്പത്രത്തിൽ എഴുതിവെച്ചു.ഒക്ടോബർ 10 ന് പൂജയ്ക്കായി ആഭരണങ്ങൾ എടുക്കാൻ ആശ തന്‍റെ അലമാര തുറന്നപ്പോഴാണ് കഥയിൽ വഴിത്തിരിവുണ്ടാകുന്നത്. ശൂന്യമായ അലമാര കണ്ടപ്പോൾ ആശ ഞെട്ടിപ്പോയി. സ്വർണ മാലകൾ, മാലകൾ, വളകൾ, കമ്മലുകൾ, വെള്ളി ആഭരണങ്ങൾ, ഒരു ലക്ഷം രൂപ തുടങ്ങിയവ നഷ്ടമായി.വലിയൊരു മോഷണം നടന്നിട്ടും ആശ മംഗളയെ സംശയിച്ചില്ല. പുറത്തുനിന്നുള്ള മോഷ്ടാക്കൾ ആയിരിക്കുമെന്ന് കരുതി ആശ പൊലീസിൽ പരാതി നൽകുകയായിരുന്നു.അപ്പോഴേക്കും, മംഗള തന്‍റെ ജന്മനാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഏകദേശം മൂന്ന് ആഴ്ചയായി ജോലിക്ക് വന്നിരുന്നില്ല.യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജെ പി നഗറിന് അടുത്തുള്ള പുട്ടനഹള്ളിയിലുള്ള വീട്ടിൽ നിന്നും മംഗളയെ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. കുറ്റം സമ്മതിച്ച യുവതി ബെറ്റിങ്ങിന്‍റെ കടം വീട്ടാനാണ് ആഭരണങ്ങൾ പണയം വെച്ചതെന്നും അവർ വെളിപ്പെടുത്തി. അലമാരയുടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കിയിട്ടുണ്ടെന്നും വളരെക്കാലമായി വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചു വരികയാണെന്നും പൊലീസിനോട് പറഞ്ഞു. ജയനഗറിലെയും രാമമൂർത്തിനഗറിലെയും രണ്ട് കടകളിൽ സ്വർണവും വെള്ളിയും പണയം വച്ചതായി അവർ സമ്മതിച്ചു. 51.4 ലക്ഷം രൂപ വിലമതിക്കുന്ന 458 ഗ്രാം സ്വർണാഭരണങ്ങളും 3.8 കിലോഗ്രാം വെള്ളിയും പൊലീസ് കണ്ടെടുത്തു.മംഗളക്കെതിരെ കുറഞ്ഞ തെളിവുകളുണ്ടായിരുന്നിട്ടും യഥാര്‍ഥ പ്രതിയെ കണ്ടെത്താൻ സാധിച്ചുവെന്ന് പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ് പറഞ്ഞു. ഓൺലൈൻ ബെറ്റിങ് എന്ന കെണിയിൽ വീണതാണ് മംഗളയുടെ ജീവിതം താറുമാറാക്കിയത്. ആശയുടെ ആഭരണങ്ങൾ പണയം വച്ചാണ് ഓൺലൈൻ ചൂതാട്ടത്തിന് പണം കണ്ടെത്തിയിരുന്നത്.മംഗളയുടെ കുറ്റസമ്മതം ആശാ ജാദവിനെ മാനസികമായി തളർത്തി. മകളെപ്പോലെ കരുതിയ ആൾ വഞ്ചിച്ചതറിഞ്ഞതോടെ, ആശാ ജാദവ് മംഗളയെ അവകാശിയാക്കിക്കൊണ്ടുള്ള 5 കോടി രൂപയുടെ വിൽപത്രം റദ്ദാക്കി.പൊലീസ് അറസ്റ്റ് ചെയ്ത മംഗള ഇപ്പോൾ പരപ്പന അഗ്രഹാര ജയിലിലാണ് .





