തെരഞ്ഞെടുപ്പിന് മാസങ്ങൾ അവശേഷിക്കേ തൃണമൂൽ കോൺഗ്രസിന് തിരിച്ചടി; ടിഎംസി രാജ്യസഭ എംപി രാജിവെച്ച് കോൺഗ്രസിലേക്ക്
ന്യുഡൽഹി: തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേ തൃണമൂൽ കോൺഗ്രസ് എംപി മൗസം നൂർ രാജിവെച്ച് കോൺഗ്രസിലേക്ക്. അമ്മാവനും മുൻ കോൺഗ്രസ് നേതാവുമായിരുന്ന ഖനി ഖാൻ ചൗധരിയുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചിരിക്കുന്നത്. 2026 ഏപ്രിൽ വരെയാണ് മൗസം നൂറിന്റെ രാജ്യസഭയിലെ കാലാവധി. 2009 മുതൽ 2019 വരെ മാൽദാഹ ദക്ഷിണയിൽ കോൺഗ്രസ് എംപിയായിരുന്ന മൗസം നൂർ പിന്നീട് രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേരുകയായിരുന്നു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന മൗസം നൂർ വരാനിരിക്കുന്ന ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മാൽഡയിൽ നിന്ന് മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങളുണ്ട്. എഐസിസി ആസ്ഥാനത്ത് വെച്ച് മുതിർന്ന നേതാവ് ജയ്‌റാം രമേശിന്റെ സാന്നിധ്യത്തിലാണ് മൗസം നൂർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ബംഗാളിന്റെ ചുമതലയുള്ള പാർട്ടി നേതാവ് ഗുലാം അഹമ്മദ് മിർ, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ശുഭാങ്കർ സർക്കാർ എന്നിവരും സന്നിഹിതരായിരുന്നു. ‘പശ്ചിമബംഗാളിൽ മാറ്റം അനിവാര്യമാണ്. യാതൊരു നിബന്ധനകളും ഇല്ലാതെയാണ് കോൺഗ്രസിലേക്ക് തന്റെ മടങ്ങി വരവ്. ബംഗാളിലെ ജനങ്ങൾ പ്രത്യേകിച്ച് മാൽഡയിൽ നിന്നുള്ളവർ കോൺഗ്രസിലും അതിന്റെ മതേതരത്വം, വികസനം, സമാധാനം എന്നീ പ്രത്യയശാസ്ത്രത്തിലും വിശ്വസിക്കുന്നുണ്ടെന്നും പാർട്ടിയെ ശക്തിപ്പെടുത്താൻ കഠിനമായി പരിശ്രമിക്കു’മെന്നും മൗസം നൂർ പറഞ്ഞു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് രാജിക്കത്ത് താൻ നൽകിയിട്ടുണ്ടെന്നും മൗസം നൂർ പറഞ്ഞു.





