ബൈക്ക് യാത്രികനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
മംഗളൂരു: ഹിരിയഡ്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ മോട്ടോർ സൈക്കിൾ യാത്രക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കനജാരു പരാരി മാനെയിലെ മഞ്ജുനന്ദ് ഹെഗ്‌ഡെ (49), കൊപ്പളയിലെ ജഗദീഷ് ഹെഗ്‌ഡെ (48) എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്പുവടിയും പൊലീസ് പിടിച്ചെടുത്തു. രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി, ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നവംബർ 15ന് രാത്രി ജോലി കഴിഞ്ഞ് ശിവരാജ് തന്റെ മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ കനജാരു ഗ്രാമത്തിലെ കൊപ്പളയിൽ മഞ്ജുനന്ദ് ഹെഗ്‌ഡെ അദ്ദേഹത്തെ തടഞ്ഞുനിർത്തി തലയിൽ അടിച്ചുകൊല്ലാൻ ശ്രമിച്ചു എന്നാണ് കേസ്. ശിവരാജ് ബൈക്കിൽ നിന്ന് വീണശേഷം മഞ്ജുനന്ദ് വാളുമായി ആക്രമണം തുടർന്നു. ജയന്ദ് ഹെഗ്‌ഡെ, ചന്ദ്രഹാസ് ഹെഗ്‌ഡെ എന്നിവരും മറ്റ് എട്ടുപേരും സ്ഥലത്തുണ്ടായിരുന്നു.





