ബംഗാൾ എസ്.ഐ. ആറിൽ രണ്ട് കോടി വോട്ടർമാരെ വെട്ടിമാറ്റാൻ സാധ്യത
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ നടക്കുമ്പോൾ വോട്ടർ പട്ടികയിലുള്ളവരിൽ 45 ശതമാനത്തോളം പേർ ഒഴിവാക്കപ്പെട്ടേക്കും. ബൂത്തുതലത്തിൽ 2002 ലെ പട്ടികയുമായി ഒത്തുനോക്കിയപ്പോൾ 55 ശതമാനം പേർക്ക് മാത്രമാണ് യോഗ്യതയുള്ളതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വൃത്തങ്ങൾ അറിയിച്ചു. 2002ലാണ് സംസ്ഥാനത്ത് ഇതിനു മുമ്പ് വോട്ടർ പട്ടിക പരിഷ്‍കരിച്ചത്. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാനത്ത് ഇത്തണ എസ്.ഐ.ആർ നടത്തുമ്പോൾ 2002 ലെ പട്ടികയിൽ പേരുള്ളവരെയോ മാതാപിതാക്കളുടെ പേരുള്ളവരെയോ മാത്രമാണ് യോഗ്യതയുള്ള വോട്ടർമാരായി പരിഗണിക്കുക. അല്ലാത്തവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കണമെങ്കിൽ വിലാസവും പൗരത്വവും തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിക്കുന്ന 12 രേഖകളിൽ ഒരെണ്ണം സമർപ്പിക്കണം. 2002ലെ പട്ടികയിൽ സ്വന്തം പേരോ മാതാപിതാക്കളുടെ പേരോ ഇല്ലാത്തവർ താമസസ്ഥലവും വിലാസവും മാറിയവരാണ്. മറ്റൊരു വിഭാഗം 2002ന് ശേഷം തനിച്ചോ കുടുംബമായോ ബംഗാളിൽ താമസം തുടങ്ങിയവരാണ്. ഈ രണ്ട് വിഭാഗങ്ങളും കൂടി 20 ശതമാനം വരും. അപ്പോഴും 25 ശതമാനത്തോളം (രണ്ടു കോടി വോട്ടർമാർ) പേരുടെ കാര്യം അനിശ്ചിത്വത്തിലാകും. അവർ എവിടെനിന്ന് വന്നവരാണെന്ന് തെളിയിക്കണം. ആവശ്യമായ രേഖകൾ സമർപ്പിക്കാൻ കഴിയാതെ വരുന്നവരെ പട്ടികയിൽ പെടുത്താതെ ഒഴിവാക്കേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാനത്ത് ഒന്നരക്കോടിയോളം വ്യാജ വോട്ടർമാർ ഉണ്ടെന്നും അനധികൃത കുടിയേറ്റക്കാരെ വ്യാജ രേഖകളുണ്ടാക്കി തൃണമൂൽ കോൺഗ്രസ് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്നുമാണ് ബി.ജെ.പി ആരോപിക്കുന്നത്.





