Site icon Newskerala

പി.വി അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കുന്നു ; കൂടെ കൊണ്ടുപോകാന്‍ തയ്യാറെന്ന് മുസ്ലിം ലീഗ് ; തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരിക്കാന്‍ തയാറെന്ന് പി.എം.എ സലാം

മലപ്പുറം: നീണ്ട കാത്തിരിപ്പിനൊടുവില്‍ പിവി അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പി.വി അന്‍വറുമായി സഹകരിക്കാന്‍ മുസ്‌ളീംലീഗ് തയ്യാറെടുക്കുകയാണ്. പ്രാദേശിക സാഹചര്യം നോക്കിയാണ് തീരുമാനം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് സഹകരിക്കുമെന്ന് മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നേരത്തെയും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും പി.എം.എ. സലാം പറഞ്ഞു.

യുഡിഎഫിനുള്ള വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ പരസ്യമാക്കി കൊണ്ട് തന്നെ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫിന്റെ നീക്കം. വര്‍ഷങ്ങളോളം എല്‍ഡിഎഫുമായി വെല്‍ഫെയര്‍ പാര്‍ട്ടി സഹകരിച്ചിട്ടുണ്ടെന്ന പി.എം.എ. സലാമിന്റെ പ്രതികരണം വരാനിരിക്കുന്ന വിമര്‍ശനങ്ങളെ തടയാനുള്ള ശ്രമമായാണ് കാണുന്നത്.
അതിനിടെ മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കുന്നതില്‍ ഇളവിനെതിരെ യൂത്ത് ലീഗ് നേതൃത്വത്തെ സമീപിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്ന് ടേം വ്യവസ്ഥ ഇത്തവണയും ലീഗ് നടപ്പിലാക്കും.വ്യവസ്ഥയുടെ പേരില്‍ കഴിഞ്ഞ തവണ സീറ്റ് നിഷേധിക്കപ്പെട്ടവര്‍ക്ക് വിജയത്തിന് അനിവാര്യമെങ്കില്‍ ഇളവ് ഉണ്ടാകുമെന്നും പിഎംഎ സലാം വ്യക്തമാക്കിയിരുന്നു.
മൂന്ന് ടേം വ്യവസ്ഥയില്‍ ഇളവ് വരുത്തിയത് നിയമസഭാ തിരഞ്ഞെടുപ്പിലും ഇളവ് നേടാന്‍ ലക്ഷ്യമിട്ടെന്നും വിമര്‍ശനം പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ യൂത്ത് ലീഗ് മലപ്പുറത്ത് യോഗം വിളിച്ചിരുന്നു.ലീഗ് നേതൃത്വത്തെ നേരില്‍ കണ്ട് എതിര്‍പ്പ് അറിയിക്കാനും യൂത്ത് ലീഗ് തീരുമാനമെടുത്തിട്ടുണ്ട്.

Exit mobile version