നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്; സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും നേരത്തേയാക്കും
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ ആവേശം നിലനിർത്തി നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി മുന്നോട്ടുപോകാൻ യു.ഡി.എഫ്. സീറ്റ് വിഭജനമടക്കം ഉഭയകക്ഷി ചർച്ചകളും സ്ഥാനാർഥി നിർണയവും സമയബന്ധിതമായി നടത്താൻ കൊച്ചിയിൽ ചേർന്ന മുന്നണി യോഗം തീരുമാനിച്ചു.തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച ജയമാണെന്നും ശബരിമല സ്വർണക്കൊള്ള അടക്കമുള്ള ഭരണവിരുദ്ധ വികാരം അതിന് ഏറെ സഹായകമായെന്നും യോഗം വിലയിരുത്തി. സംസ്ഥാന ഭരണത്തിനെതിരായ ജനവികാരം ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷവും തുടരുകയാണ്. സർക്കാറിനെ പാഠം പഠിപ്പിക്കാൻ ജനങ്ങൾ തീരുമാനിച്ച് ഉറപ്പിച്ചതിനാലാണ് തദ്ദേശ തെരഞ്ഞെടുപ്പിലും തിളക്കമേറിയ ജയം യു.ഡി.എഫിന് കിട്ടിയത്. ഈ സാഹചര്യത്തിൽ ഇനി മുന്നണിയിൽ തർക്കങ്ങൾക്ക് ഇടവരുത്തരുതെന്നും ഐക്യത്തിന് മുൻഗണന നൽകണമെന്നും ധാരണയായി. തദ്ദേശ തെരഞ്ഞെടുപ്പിൽ അജണ്ട തിരിച്ചുവിടാൻ സർക്കാർ പലവിധ ശ്രമവും നടത്തിയെങ്കിലും വിജയിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ജനുവരി 15നകം ഉഭയകക്ഷി ചർച്ച പൂർത്തീകരിക്കാനാണ് തീരുമാനം. സീറ്റ് വിഭജനം ഉൾപ്പെടെ കാര്യങ്ങളിൽ ഏകദേശ ധാരണ ഉണ്ടാക്കും. ഓരോ പാർട്ടിയും അവരുടെ സ്ഥാനാർഥികളുടെ കാര്യത്തിൽ ഫെബ്രുവരി ആദ്യവാരത്തോടെ തത്ത്വത്തിൽ തീരുമാനമെടുക്കും. എന്നാൽ, പരസ്യപ്രഖ്യാപനം പിന്നീടേ ഉണ്ടാവൂ. തെരഞ്ഞെടുപ്പ് പ്രകടനപത്രികക്കുള്ള മുന്നൊരുക്കങ്ങളും ഒപ്പം നടത്തും. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഫെബ്രുവരിയിൽ കാസർകോട്ടുനിന്ന് തിരുവനന്തപുരംവരെ പ്രതിപക്ഷ നേതാവ് നയിക്കുന്ന സംസ്ഥാന ജാഥ നടത്തും. ജാഥയിൽ രാഷ്ട്രീയം പറയുന്നതോടൊപ്പം സംസ്ഥാന വികസനത്തിനുള്ള യു.ഡി.എഫ് കാഴ്ചപ്പാടുകൾ ജനങ്ങൾക്ക് മുമ്പിൽ വിശദീകരിക്കുമെന്ന് മുന്നണിയോഗ ശേഷം വാർത്തസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു. ആർക്കും ഭൂരിപക്ഷമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം കിട്ടുന്നതിന് സി.പി.എമ്മുമായോ ബി.ജെ.പിയുമായോ ഒരുവിധ നീക്കുപോക്കും വേണ്ടെന്ന് യോഗം തീരുമാനിച്ചു. യു.ഡി.എഫ് തീരുമാനത്തിന് വിരുദ്ധമായി മുൻകാലങ്ങളിലേതുപോലെ പ്രാദേശികതലത്തിൽ മറ്റൊരു തീരുമാനവുമെടുക്കാൻ പാടില്ലെന്ന് നിർദേശിച്ചു. പി.വി. അൻവർ, സി.കെ. ജാനു, വിഷ്ണുപുരം ഇനി യു.ഡി.എഫിൽ മുൻ എം.എൽ.എ പി.വി. അൻവർ, സി.കെ. ജാനു, വിഷ്ണുപുരം ചന്ദ്രശേഖരൻ എന്നിവർ നയിക്കുന്ന പാർട്ടികൾക്ക് യു.ഡി.എഫിൽ അസോസിയേറ്റ് അംഗത്വം നൽകാൻ തീരുമാനം. അൻവർ നയിക്കുന്ന തൃണമൂൽ കോൺഗ്രസ്, ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി, വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കാമരാജ് കോൺഗ്രസ് എന്നീ കക്ഷികളെയാണ് മുന്നണിയിലെടുക്കുന്നത്. അവർ രേഖാമൂലം നൽകിയ അപേക്ഷകൾ ചർച്ചചെയ്താണ് ഈ തീരുമാനമെന്ന് യു.ഡി.എഫ് ചെയർമാനും പ്രതിപക്ഷ നേതാവുമായ വി.ഡി സതീശൻ മുന്നണി യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ അറിയിച്ചു.ജാനുവിന്റെയും വിഷ്ണുപുരം ചന്ദ്രശേഖരന്റെയും പാർട്ടികൾ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ ബന്ധം ഉപേക്ഷിച്ചാണ് യു.ഡി.എഫിലേക്ക് വരുന്നത്. മൂന്ന് പാർട്ടികളും യു.ഡി.എഫിന്റെ ഭാഗമാകുന്നതിന് ഒരു ഉപാധിയും മുന്നോട്ടുവെച്ചിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണിയുടെ അടിത്തറ കൂടുതൽ വിപുലീകരിക്കും. അതിന്റെ ഭാഗമായി വേറെയും പാർട്ടികൾ വന്നേക്കാം. നിലവിൽ ആരുമായും ചർച്ച നടത്തുന്നില്ല. യു.ഡി.എഫിനെ വലിയൊരു രാഷ്ട്രീയ പ്ലാറ്റ്ഫോം ആക്കുകയാണ് ഉദ്ദേശ്യം. പതിറ്റാണ്ടുകളായി ഇടത് സഹയാത്രികരായിരുന്നവരും ഈ പ്ലാറ്റ്ഫോമിൽ ഉണ്ടാകുമെന്നും സതീശൻ വ്യക്തമാക്കി. അതേസമയം, കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫിൽ കൊണ്ടുവരാനുള്ള നീക്കങ്ങളിൽ പി.ജെ. ജോസഫ് യോഗത്തിൽ അതൃപ്തി അറിയിച്ചു. അവർ തീരുമാനിക്കാത്തിടത്തോളം നമ്മൾ അങ്ങോട്ട് പോയി തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന്റെ തിളക്കം കളയരുതെന്നും അവർ ഇങ്ങോട്ട് വന്നാൽ അപ്പോൾ ആലോചിക്കാമെന്നുമായിരുന്നു ജോസഫിന്റെ നിലപാട്. അസോസിയേറ്റ് അംഗങ്ങളാകുന്ന കക്ഷികൾ യു.ഡി.എഫിന്റെ ഭാഗമാകുകയും സഹകരിക്കുകയും ചെയ്യുമെങ്കിലും ഘടകകക്ഷിയാവില്ല. അതിനാൽ അവർക്ക് മുന്നണി യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. എന്നാൽ, ക്ഷണിക്കുന്ന പ്രത്യേക യോഗങ്ങളിൽ ഇവരെയും പങ്കെടുപ്പിക്കും.





