Site icon Newskerala

വെല്‍ഫെയര്‍പാര്‍ട്ടി പിന്തുണ യു.ഡി.എഫ് സ്വീകരിക്കും; സി.പി.എമ്മിന്‍റേത് അവസരവാദമെന്ന് പ്രതിപക്ഷ നേതാവ്

എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പിൽ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിന് പിന്തുണ നല്‍കിയിട്ടുണ്ടെന്നും അത് മുന്നണി സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മറ്റ് നീക്കു പോക്കുകളൊന്നുമില്ല. അക്കാര്യം അവരും വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ ഞങ്ങളുടെ മുന്നണിയുമായി പ്രത്യക്ഷമായോ പരോക്ഷമായോ പ്രവര്‍ത്തിക്കുന്നില്ലെന്നും സതീശൻ വ്യക്തമാക്കി. മൂന്ന് പതിറ്റാണ്ടുകാലം വെല്‍ഫെയര്‍പാര്‍ട്ടിയുടെ പഴയ രൂപമായ ജമാഅത്തെ ഇസ്ലാമി സി.പി.എമ്മിന് പിന്തുണ നല്‍കിയിരുന്നതാണ്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനത്ത് പോകാന്‍ ഒരു മടിയും ഉണ്ടായിരുന്നില്ല. അന്ന് വര്‍ഗീയവാദം ഉണ്ടായിരുന്നില്ലേ?. ഇതെല്ലാം സി.പി.എമ്മിന്റെ അവസരവാദമാണെന്നും സതീശൻ പറഞ്ഞു. കേരളത്തിലെ ഒരു സമുദായ നേതാക്കളും സര്‍ക്കാറിന് അനുകൂലമായ ഒരു നിലപാടും എടുത്തിട്ടില്ല. ഈ സര്‍ക്കാര്‍ എങ്ങനെയെങ്കിലും താഴെയിറങ്ങാന്‍ എല്ലാ ജനങ്ങളും കാത്തിരിക്കുകയാണ്. സര്‍ക്കാറിന് അനുകൂലമായി എതെങ്കിലും സമുദായ നേതാക്കള്‍ പറഞ്ഞാല്‍ സമുദായത്തിലെ അംഗങ്ങള്‍ മുഴുവന്‍ ആ നേതാവിന് എതിരാകുന്ന അവസ്ഥയാണ്. സര്‍ക്കാറിന് അനുകൂലമായി പറഞ്ഞ് അബദ്ധത്തില്‍ ചാടാതിരിക്കാനുള്ള സാമാന്യയുക്തി എല്ലാ സമുദായ നേതാക്കള്‍ക്കുമുണ്ടെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Exit mobile version