Site icon Newskerala

വി അന്‍വറും സി.കെ ജാനുവും യുഡിഎഫിൽ, ഇരുവരുടെയും പാർട്ടിയെ അസോസിയേറ്റ് അംഗമാക്കും

കൊച്ചി: പി.വി അന്‍വറും സി.കെ ജാനുവും യുഡിഎഫിൽ. പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെയും യുഡിഎഫ് അസോസിയേറ്റ് അംഗമാക്കും. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാര്‍ട്ടിയും അസോസിയേറ്റ് അംഗമാക്കും. കൊച്ചിയില്‍ നടന്ന യുഡിഎഫ് യോഗത്തിലാണ് ധാരണയായതായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പ്രഖ്യാപിച്ചു.’പുതിയ കക്ഷികളുമായി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചര്‍ച്ച നടത്തും. തെരഞ്ഞെടുപ്പ് ഏത് നിലയ്ക്കാണ് തങ്ങള്‍ക്ക് പിന്തുണ നല്‍കാനാകുകയെന്ന കാര്യങ്ങള്‍ വൈകാതെ ചര്‍ച്ച ചെയ്ത് തീരുമാനമാക്കും. സി.കെ ജാനുവിന്റെയും വിഷ്ണുപുരം ചന്ദ്രശേഖരന്റെയും പാര്‍ട്ടികള്‍ നിലവില്‍ എന്‍ഡിഎയുടെ ഘടകകക്ഷികളാണ്. ഇവര്‍ എന്‍ഡിഎ വിട്ട് യുഡിഎഫ് മുന്നണിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് രേഖാമൂലം എഴുതിത്തന്നത് ചര്‍ച്ച ചെയ്തുകൊണ്ടാണ് അസോസിയേറ്റ് അംഗങ്ങളെന്ന നിലയിലേക്ക് ഇവരെ പരിഗണിച്ചിരിക്കുന്നത്. യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉടന്‍ ആരംഭിക്കും.’ അതെത്രയും വേഗം പൂര്‍ത്തിയാക്കി അതാത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കണമെന്നാണ് യോഗത്തിലെ തീരുമാനമെന്നും പ്രതിപക്ഷനേതാവ് മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുള്ള ആദ്യ യുഡിഎഫ് യോഗം കൊച്ചിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കവും വിവിധ തദ്ദേശസ്ഥാപനങ്ങളിലെ പദവികള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും യോഗം അവലോകനം ചെയ്യും. ജോസ് കെ. മാണി, പി.വി അന്‍വര്‍, സി.കെ ജാനു അടക്കമുള്ളവരുടെ മുന്നണിപ്രവേശനം യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍, വിപുലീകരണമല്ല, അടിത്തറ ബലപ്പെടുത്തുകയാണ് ആദ്യം വേണ്ടതെന്ന് പി.ജെ ജോസഫും പ്രതികരിച്ചു.

Exit mobile version