സിഡ്നി: യൂത്ത് ഏകദിനത്തിന് പിന്നാലെ യൂത്ത് ടെസ്റ്റിലും 14കാരൻ വൈഭവിന്റെ ആറാട്ട്. ആസ്ട്രേലിയക്കെതിരായ അണ്ടർ 19 യൂത്ത് ടെസ്റ്റിന്റെ രണ്ടാം ദിനം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യക്ക് 185 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. 86 പന്തിൽ 113 റൺസെടുത്ത വൈഭവ് എട്ട് സിക്സും ഒൻപത് ഫോറുമാണ് പായിച്ചത്. 78 പന്തിൽ നിന്ന് സെഞ്ച്വറി തികച്ച വൈഭവ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ നാലാമത്തെ യൂത്ത് ടെസ്റ്റ് സെഞ്ച്വറി എന്ന നേട്ടവും സ്വന്തമാക്കി. ആസ്‌ട്രേലിയൻ മണ്ണിൽ യൂത്ത് ടെസ്റ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി കൂടിയായിരുന്നു ഇത്. യൂത്ത് ടെസ്റ്റിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയതിനുള്ള പുതിയ റെക്കോർഡും താരം സ്വന്തം പേരിൽ കുറിച്ചു. ബ്രിസ്ബേനിൽ നടന്ന മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ ഓസീസ് 243 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 428 റൺസിന് പുറത്താകുയായിരുന്നു. വേദാന്ദ് ത്രിവേദി (140), വൈഭവ് സൂര്യവന്‍ഷി (86 പന്തില്‍ 113) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യക്ക് കരുത്തേകിയത്. ഓസീസിന് ഹെയ്ഡന്‍ ഷില്ലര്‍, വില്‍ മലജ്‌സുക് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ ആസ്ട്രേലിയ എട്ടിന് ഒന്ന് എന്ന നിലയിലാണ് രണ്ടാം ദിനം സ്റ്റംപെടുത്തത്.യൂത്ത് ഏകദിനത്തിലും ലോക റെക്കോഡ്കഴിഞ്ഞ ആഴ്ചയാണ് 14കാരൻ വൈഭവ് യൂത്ത് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന ലോക റെക്കോഡ് സ്വന്തമാക്കിയത്. ആസ്ട്രേലിയക്കെതിരായ യൂത്ത് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് താരം നേട്ടം കൈവരിച്ചത്. 10 ഇന്നിങ്സുകളിൽനിന്ന് 41 സിക്സുകളാണ് പതിനാലുകാരൻ ഇതുവരെ അടിച്ചുകൂട്ടിയത്.21 ഇന്നിങ്സുകളിൽനിന്ന് 38 സിക്സുകളടിച്ച ഉൻമുക്ത് ചന്ദിന്‍റെ റെക്കോഡാണ് താരം മറികടന്നത്. ഓസീസിനെതിരെ 68 പന്തിൽ ആറു സിക്സും അഞ്ചു ഫോറുമടക്കം 70 റൺസെടുത്താണ് വൈഭവ് പുറത്തായത്. യൂത്ത് ഏകദിനങ്ങളിൽ ഇതുവരെ 540 റൺസാണ് വൈഭവ് നേടിയത്. ഇതിൽ 26 ശതമാനവും ബൗണ്ടറിയിൽനിന്നാണ്. ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ 2018 -2020 കാലയളവിൽ 27 യൂത്ത് ഏകദിനങ്ങളിൽനിന്നായി 30 സിക്സുകൾ നേടിയിരുന്നു.
