കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറി ടിക്കറ്റിന് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നൽകി പച്ചക്കറി കച്ചവടക്കാരൻ

ജയ്പൂര്‍: അപ്രതീക്ഷിതമായി നിങ്ങൾക്ക് വൻതുക ലോട്ടറി അടിച്ചാൽ എന്തുചെയ്യും? കിട്ടുന്ന തുക കൊണ്ട് ഭാവി ജീവിതം സുരക്ഷിതമാക്കാൻ നോക്കുമല്ലേ…എന്നാൽ സ്വാർത്ഥത നിറഞ്ഞ ഈ ലോകത്ത് പങ്കുവയ്ക്കലിന്‍റെ മഹത്തായ മാതൃക കാട്ടുകയാണ് രാജസ്ഥാനിൽ നിന്നുളള ഒരു പച്ചക്കറി കച്ചവടക്കാരൻ. സുഹൃത്തിൽ നിന്നും കടം വാങ്ങിയ വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി രൂപ സമ്മാനമായി അടിച്ചപ്പോൾ അതിൽ നിന്നും ഒരു കോടി ചങ്ങാതിക്ക് നൽകിയിരിക്കുകയാണ് ഇദ്ദേഹം. ജയ്പൂർ ജില്ലയിലെ കോട്പുട്ലി പട്ടണത്തിൽ നിന്നുള്ള 38കാരനായ അമിത് സെഹ്‌റയാണ് ലോട്ടറിയടിച്ചപ്പോൾ സുഹൃത്തിനും അതിൽ നിന്നൊരു തുക നൽകിയത്.പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പറാണ് അമിതിന് ലഭിച്ചത്. റോഡരികിൽ ചെറിയ വണ്ടിയിൽ പച്ചക്കറികൾ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് സെഹ്റ. ഒക്ടോബര്‍ 16ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് യാത്ര ചെയ്യുകയായിരുന്നു അമിത്. രാജസ്ഥാനിലേക്ക് മടങ്ങുമ്പോൾ, അവർ രണ്ടുപേരും ബതിൻഡയിലെ ഒരു ചായക്കടയിൽ കയറി. അടുത്തുള്ള ലോട്ടറി സ്റ്റാൾ കണ്ടപ്പോൾ ഒരു ടിക്കറ്റെടുക്കണമെന്ന് അമിതിന് തോന്നി. കയ്യിൽ പണമില്ലാത്തതിനാൽ മുകേഷിനോട് 1000 രൂപ കടംവാങ്ങുകയായിരുന്നു. രണ്ട് ലോട്ടറി ടിക്കറ്റുകൾ വാങ്ങുകയും ചെയ്തു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷ് വിളിച്ചുപറയുമ്പോഴാണ് തനിക്ക് 11 കോടിയുടെ ജാക്പോട്ട് അടിച്ച വിവരം അമിത് അറിഞ്ഞത്. രണ്ടാമത്തെ ടിക്കറ്റിന് 1000 രൂപയും സമ്മാനമായി ലഭിച്ചു.ലോട്ടറി അടിച്ചപ്പോൾ അമിത് ആദ്യം ഓര്‍ത്തത് മുകേഷിനെ തന്നെയായിരുന്നു. സുഹൃത്തിന്‍റെ രണ്ട് പെൺമക്കൾക്ക് 50 ലക്ഷം രൂപ വീതം ഒരു കോടി നൽകുമെന്ന് അമിത് പറഞ്ഞു.ബാക്കി തുക കുട്ടികളുടെ പഠനത്തിനും വീട് പണിയുന്നതിനുമായി ഉപയോഗിക്കുമെന്നും കൂട്ടിച്ചേർത്തു. ലോട്ടറി അടിച്ചെങ്കിലും കയ്യിൽ പണമില്ലാത്തതിനാൽ സര്‍ക്കാരിന്‍റെ ലോട്ടറി ഓഫീസിലെത്താനും കുറച്ചു സമയമെടുത്തു. ഒടുവിൽ കടം വാങ്ങിയാണ് അമിത് ലോട്ടറി ടിക്കറ്റും കൊണ്ട് ഓഫീസിലെത്തിയത്. “പഞ്ചാബിലേക്ക് വരാൻ ഞാൻ 8,000 രൂപ കടം വാങ്ങിയിട്ടുണ്ട്. പണം ലഭിച്ചുകഴിഞ്ഞാൽ അത് തിരികെ നൽകും.” അദ്ദേഹം പറഞ്ഞു. കോടിപതിയായെങ്കിലും പഴയ പോലെ കച്ചവടക്കാരനായി തുടരുമെന്നും അമിത് വ്യക്തമാക്കി. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി ഒരു വീട് പണിയുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button