വിരാട് കോഹ്‍ലിയുടെ തുടർ സെഞ്ച്വറികൾ; വിശാഖപട്ടണം ഏകദിനത്തിന്റെ ടിക്കറ്റ് വിൽപനയിൽ വൻ വർധന

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ തുടർ സെഞ്ച്വറികളുമായി വിരാട് കോഹ്‍ലി തിളങ്ങിയതോടെ മൂന്നാം ഏകദിനത്തിനുള്ള ടിക്കറ്റ് വിൽപനയിൽ വൻ വർധന. കോഹ്‍ലിയുടെ സെഞ്ച്വറികൾക്ക് പിന്നാലെ ടിക്കറ്റ് വിൽപനയിൽ വർധനയുണ്ടാവുന്നുണ്ടെന്ന് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ഞായറാഴ്ച നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റ് വിൽപന നവംബർ 28നാണ് തുടങ്ങിയത്. അന്ന് ടിക്കറ്റ് വാങ്ങാൻ കാര്യമായി ആളുണ്ടായിരുന്നില്ല. ടിക്കറ്റിന് ഡിമാൻഡ് കുറഞ്ഞതോടെ ഫിസിക്കൽ കൗണ്ടറുകൾ സ്റ്റേഡിയത്തിന് മുന്നിൽ തുറന്ന് ടിക്കറ്റ് വിൽപന തുടങ്ങാൻ അധികൃതർ ആലോചിച്ചു. എന്നാൽ, ഇതിനിടെയാണ് നവംബർ 30, ഡിസംബർ മൂന്ന് തീയതികളിൽ നടന്ന മത്സരങ്ങളിൽ കോഹ്‍ലിയുടെ തുടർ സെഞ്ച്വറികൾ വരുന്നത്. ഇതോടെ ടിക്കറ്റ് വിൽപന വർധിച്ചുവെന്നാണ് അസോസിയേഷൻ പറയുന്നത്. ആദ്യഘട്ട ടിക്കറ്റ് വിൽപന തുടങ്ങിയത് നവംബർ 28നായിരുന്നു. അന്ന് തരക്കേടില്ലാത്ത വിൽപനയുണ്ടായിരുന്നു. എന്നാൽ, കോഹ്‍ലിയുടെ സെഞ്ച്വറിക്ക് ശേഷം രണ്ട്, മൂന്ന് ഘട്ടങ്ങളിൽ മിനിറ്റുകൾക്കുള്ളിൽ തന്നെ ടിക്കറ്റ് വിറ്റുപോയെന്ന് ആ​ന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധി വൈ. വെങ്കിടേഷ് വ്യക്തമാക്കി. 1200 മുതൽ 18,000 വരെയാണ് മത്സരത്തിലെ വിവിധ ക്ലാസുകളിലെ ടിക്കറ്റ് നിരക്ക്. ഈ ടിക്കറ്റുകളെല്ലാം വിറ്റുപോയെന്നും അധികൃതർ അറിയിച്ചു. കോഹ്‍ലിയെ കാത്ത് കഴിഞ്ഞ ദിവസം വിശാഖപട്ടണത്തെ എയർ​പോർട്ടിൽ നൂറുകണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. ഷഹീദ് വീർ നാരായൺ സിങ് സ്റ്റേഡിയത്തിൽ ബുധനാഴ്ച നേടിയ സെഞ്ച്വറിയോടെ, പരിമിത ഓവർ ക്രിക്കറ്റിൽ തന്നെ വെല്ലാൻ മറ്റാരുമില്ലെന്ന് അടിവരയിട്ടു പറയുകയാണ് ഇന്ത്യയുടെ സ്വന്തം കിങ് കോഹ്‌ലി. തുടർച്ചയായ രണ്ടാം ഇന്നിങ്സിലും മൂന്നക്കം തികച്ച റൺ മെഷീൻ, പെർഫോമൻസിന്‍റെ മാറ്റ് അൽപം പോലും കുറഞ്ഞിട്ടില്ലെന്നും തെളിയിക്കുന്ന ക്ലാസ് ഇന്നിങ്സ്. ഏകദിനത്തിലെ 53-ാം സെഞ്ച്വറിയാണ് കോഹ്‌ലി റായ്പുരിൽ കുറിച്ചത്. തൊട്ടുപിന്നിലുള്ള ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറെക്കാൾ നാലെണ്ണം മുന്നിൽ ഇപ്പോൾ തന്നെയെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button