തീക്കാറ്റായി വിഷ്ണു, 84 പന്തിൽ 162 റൺസ്, 14 സിക്സുകൾ; പുതുച്ചേരിക്കെതിരെ കേരളത്തിന് വമ്പൻ ജയം
അഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വമ്പൻ ജയം. വിഷ്ണു വിനോദിന്‍റെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിൽ പുതുച്ചേരിയെ എട്ടു വിക്കറ്റിനാണ് കേരളം തകർത്തത്. അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പുതുച്ചേരി 47.4 ഓവറിൽ 247 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ കേരളം 29 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 84 പന്തുകളിൽനിന്ന് 162 റൺസെടുത്ത് വിഷ്ണു വിനോദ് പുറത്താകാതെ നിന്നു. 14 സിക്സുകളും 13 ഫോറുകളുമാണ് താരം അടിച്ചുകൂട്ടിയത്. ബാബ അപരാജിത് 69 പന്തിൽ 63 റൺസുമായി പുറത്താകാതെ മികച്ച പിന്തുണ നൽകി. ഓപ്പണർമാരായ സഞ്ജു സാംസണും (14 പന്തിൽ 11) രോഹൻ കുന്നുമ്മലും (എട്ടു പന്തിൽ എട്ട്) അതിവേഗം പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ ബാബ അപരാജിതും വിഷ്ണു വിനോദും ക്രീസിൽ നിലയുറപ്പിച്ചതോടെ കേരളം അനായാസ ജയം നേടി. ഇരുവരും ചേർന്ന് 222 റൺസിന്റെ കൂട്ടുകെട്ടാണു പടുത്തുയർത്തിയത്. രണ്ടു സിക്സും നാലു ഫോറുമടങ്ങുന്നതാണ് അപരാജിതിന്‍റെ ഇന്നിങ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പുതുച്ചേരിക്കായി അജയ് രൊഹേര (58 പന്തിൽ 53), ജശ്വന്ത് ശ്രീറാം (54 പന്തിൽ 57) എന്നിവർ അർധ സെഞ്ച്വറി നേടി. മറ്റു ബാറ്റർമാർക്കൊന്നും തിളങ്ങാനായില്ല. എം.ഡി. നിധീഷിന്‍റെ ബൗളിങ്ങാണ് പുതുച്ചേരിയെ പിടിച്ചുകെട്ടിയത്. എട്ടു ഓവറിൽ 41 റൺസ് വഴങ്ങി നാലു വിക്കറ്റാണ് താരം വീഴ്ത്തിയത്. ഏദന്‍ ആപ്പിൾ ടോം, അങ്കിത് ശർമ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും ബിജു നാരായണനും ബാബ അപരാജിതും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.





