ജോലി വേണോ ജോലി?’ തട്ടിപ്പിന്‍റെ പുതിയമുഖം; ഇരയാകുന്നതിലേറെയും സ്ത്രീകൾ
‘
കോട്ടയം: ‘ജോലി വേണോ ജോലി?’ ഈ ചോദ്യം കേട്ടാൽ ആരായാലും വീണുപോകും. അതാണ് ഇപ്പോൾ പലരുടേയും പണം വെള്ളത്തിലാക്കുന്ന പുതിയ തട്ടിപ്പ് രീതിയും. ഓൺലൈൻ ജോലിയുടെ പേരിൽ ഇന്ന് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കുതിക്കുകയാണ്. വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന പരസ്യവാചകം കേൾക്കുമ്പോൾ തന്നെ അത് നല്ല ഐഡിയ ആണല്ലോയെന്ന് കരുതി പലരും തലവെച്ച് കൊടുക്കുന്നത് പതിവായി മാറി. സംസ്ഥാനത്ത് ഈ കെണിയിൽപ്പെട്ട് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നെന്ന് കേരള പൊലീസ് സാക്ഷ്യപ്പെടുത്തുന്നു.പാർട്ട് ടൈം ജോലിയുടെ പേരിൽ ഇപ്പോൾ നടക്കുന്ന ഈ തട്ടിപ്പിൽ സ്ത്രീകളാണ് കൂടുതലും ഇരയാകുന്നത്, പ്രത്യേകിച്ച് വീട്ടമ്മമാർ. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ജോലിത്തട്ടിപ്പിന്‍റെ കെണിയൊരുക്കിയിട്ടുള്ളത്. വീട്ടിലിരുന്ന് പാർട്ട്ടൈം ജോലി ചെയ്ത് പതിനായിരങ്ങളും ലക്ഷങ്ങളും സമ്പാദിക്കാമെന്ന മോഹനവാഗ്ദാനങ്ങളാണ് ഈ തട്ടിപ്പുകാർ നൽകുന്നത്. ഇത്തരം സന്ദേശങ്ങളുടെ നിജസ്ഥിതി അറിയാതെ പലരും ഈ സന്ദേശങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ ഫോർവേർഡ് ചെയ്യുന്നുമുണ്ട്. ഫലത്തിൽ അറിയാതെ അവരും ഈ തട്ടിപ്പ് സംഘത്തിന്‍റെ ഭാഗമാകുന്നെന്ന് സാരം. അതിനാൽ ഇത്തരം സന്ദേശങ്ങൾ ഫോർവേർഡ് ചെയ്യുന്നവരും സൈബർ കുറ്റകൃത്യങ്ങളിൽ പ്രതിയാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ജാഗ്രതയോടെയുള്ള നീക്കത്തിലൂടെ മാത്രമേ ഈ പുതിയതരം തട്ടിപ്പിൽ നിന്നും രക്ഷപ്പെടാനുമാകൂ.ജോലി വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയാണ് ഇത്തരം തട്ടിപ്പുകളിൽ നിന്നും രക്ഷപെടാനുള്ള പ്രധാന മാർഗം. സാമൂഹ്യമാധ്യമങ്ങളിൽ കാണുന്ന അവസരങ്ങളെല്ലാം കണ്ണുംപൂട്ടി വിശ്വസിച്ചാൽ ധനനഷ്ടവും സമയനഷ്ടവുമാകും ഫലം. വളരെ പെട്ടെന്ന് കൂടുതൽ പണം സമ്പാദിക്കാമെന്നുള്ള വാഗ്ദാനങ്ങളുമായി ഒട്ടേറെ പേർ ഓൺലൈൻ ലോകത്ത് ഇപ്പോൾ സജീവമാണ്. മനംമയക്കുന്ന വാഗ്ദാനങ്ങളിൽ വീണാൽ അനുകൂലമായതൊന്നും സംഭവിക്കാനിടയില്ല. മറിച്ച് വലിയ നഷ്ടമുണ്ടാകാനാണ് സാധ്യതയെന്ന് പൊലീസും മുന്നറിയിപ്പ് നൽകുന്നു. ഓൺലൈനിലൂടെ പാർട്ട്ടൈം ജോലി വാഗ്ദാനം ചെയ്യുന്നവർ ആദ്യം ആവശ്യപ്പെടുന്നത് രജിസ്ട്രേഷനായുള്ള പണമാണ്. അത് നൽകിത്തുടങ്ങിയാൽ പിന്നെ നമ്മൾ തട്ടിപ്പിന് ഇരയാകുമെന്ന് ഉറപ്പ്.രജിസ്ട്രേഷനു വേണ്ടിയോ അല്ലാതെയോ ആദ്യം അങ്ങോട്ടു പണം നൽകിയുള്ള ഇടപാടുകളോട് ‘വേണ്ട’ എന്ന് പറഞ്ഞാൽ ഈ തട്ടിപ്പിൽ നിന്നും രക്ഷപെടാം. തൊഴിൽ വാഗ്ദാനം നൽകുന്ന കമ്പനികളുടെ ആധികാരികത ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ ഇത്തരത്തിലുള്ള വാഗ്ദാനങ്ങളോട് പ്രതികരിക്കാവൂയെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വെബ്സൈറ്റ് മുഖാന്തരമല്ല ഇത്തരം തൊഴിൽ വാഗ്ദാനങ്ങൾ വരുന്നതെങ്കിൽ വാഗ്ദാനം നൽകുന്ന വ്യക്തിയുടെ വിശ്വാസ്യത കൃത്യമായി മനസിലാക്കി വേണം തുടർനടപടിയിലേക്ക് കടക്കാനെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. അല്ലാത്തപക്ഷം തൊഴിൽ കിട്ടില്ലെന്ന് മാത്രമല്ല കീശയിലെ കാശും പോകാനാണ് സാധ്യതയേറെയും.
