യുദ്ധം അടുക്കള വാതിലിൽ; പാചകവാതക പ്രതിസന്ധി അതിരൂക്ഷം, സംസ്ഥാനത്ത് നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടി

എറണാകുളം: പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾക്ക് പിന്നാലെ രാജ്യത്ത് പാചകവാതക പ്രതിസന്ധി അതിരൂക്ഷം. വ്യാവസായിക സിലിണ്ടറുകളുടെ വിതരണത്തില്‍ 30 ശതമാനം കുറവുണ്ടാകുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഗാര്‍ഹിക സിലിണ്ടറുകളെ ബാധിക്കില്ലെന്നും ലഭ്യത ഉറപ്പാക്കാന്‍ രൂപീകരിച്ച മൂന്നംഗ സമിതി ഇന്ന് വ്യവസായികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ കൊച്ചി നഗരത്തില്‍ ഇന്നലെ നിരവധി ഹോട്ടലുകള്‍ അടച്ചുപൂട്ടി. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഹോട്ടല്‍ മേഖല പൂര്‍ണമായും സ്തംഭിക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് അസീസ് മീഡിയവണിനോട് പറഞ്ഞിരുന്നു. പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യം രാജ്യത്തെ ജനങ്ങളെയും ബാധിച്ചുതുടങ്ങിയെന്നും വാണിജ്യ സിലിണ്ടറുകള്‍ തീരെ കിട്ടാനില്ലെന്നാണ് ഹോട്ടലുടമകളുടെ പരാതി. സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമായില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഗാര്‍ഹിക സിലിണ്ടറുകളുടെ ബുക്കിങ്ങിലും നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലും ഹോട്ടല്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. എല്‍പിജി സിലിണ്ടര്‍ അവശ്യവസ്തുക്കളില്‍ ഉള്‍പ്പെടുത്തി കേന്ദ്രം ഉത്തരവിറക്കിയിട്ടുണ്ട്. നിലവില്‍ പ്രതിസന്ധി രൂക്ഷമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button