ഗൾഫ് മേഖലയിലെ യുദ്ധ സാഹചര്യം : സൗദി ഉൾപ്പടെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ എല്ലാം നിർത്തിവെച്ചു
റിയാദ്: ഇസ്രായേൽ -ഇറാൻ യുദ്ധം, ഗൾഫ് മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗദി ഉൾപ്പടെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് താൽക്കാലികമായി നിർത്തിവെച്ചു. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു. സൗദി അറേബ്യ, യു.എ.ഇ (ദുബൈ, അബുദാബി, ഷാർജ തുടങ്ങിയവ), ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിേലക്കും ഇസ്രായേൽ, ജോർദാൻ തുടങ്ങിയ മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുമുള്ള സർവിസുകളാണ് റദ്ദാക്കിയത്. നിലവിലെ സാഹചര്യം എയർ ഇന്ത്യ എക്സ്പ്രസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സാഹചര്യങ്ങൾക്കനുസരിച്ച് വിമാന സർവീസുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. സർവീസുകൾ റദ്ദാക്കിയത് മൂലം ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് ആവശ്യമായ എല്ലാ പിന്തുണയും എയർലൈൻ ഉറപ്പാക്കുന്നുണ്ട്. ബാധിക്കപ്പെട്ട യാത്രക്കാരെ അവരുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലോ ഇമെയിലിലോ നേരിട്ട് വിവരമറിയിക്കുന്നുണ്ട്. യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് airindiaexpress.com എന്ന വെബ്സൈറ്റ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും കോൺടാക്റ്റ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു. വിമാനങ്ങൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട ചാർജ് ഇളവുകൾക്കും ബുക്കിങ്ങിൽ മാറ്റങ്ങൾ വരുത്തുന്നതിനും വെബ്സൈറ്റിലെ ‘Manage Booking’ എന്ന വിഭാഗം സന്ദർശിക്കുക. കൂടാതെ +91 6360012345 എന്ന വാട്സാപ്പ് നമ്പറിലൂടെ Tia ചാറ്റ്ബോട്ടിെൻറ സഹായവും തേടാവുന്നതാണ്. യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ഖേദിക്കുന്നതായും ഈ സാഹചര്യത്തിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് കൂട്ടിച്ചേർത്തു.





