
അഹമ്മദാബാദ്: വല്ല്യേട്ടൻമാർ തോറ്റ് നാണംകെടുമ്പോൾ, ഏഷ്യൻ ഫുട്ബാളിലെ പവർഹൗസായ ഇറാനെയും അട്ടിമറിച്ച് കുട്ടികളുടെ കുതിപ്പ്. അണ്ടർ 17 ഏഷ്യൻകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ ഇറാനെ വീഴ്ത്തി ഇന്ത്യൻ കൗമാരപ്പട വൻകരയുടെ പോരാട്ടത്തിന് യോഗ്യത നേടി. ഗ്രൂപ്പ് ‘ഡി’യിൽ നിന്നും ജേതാക്കളായാണ് ഇന്ത്യൻ കൗമാര സംഘം അടുത്തവർഷം നടക്കുന്ന ഏഷ്യാകപ്പിന് ടിക്കറ്റുറപ്പിച്ചത്. ഇറാൻ, ലെബനാൻ, ഫലസ്തീൻ, ചൈനീസ് തായ്പെയ് എന്നീ ടീമുകൾ ഉൾപ്പെട്ടെ ഗ്രൂപ്പ് ‘ഡി’യിൽ നിന്നും നാല് കളിയിൽ രണ്ട് ജയവും ഓരോ തോൽവിയും സമനിലയും സ്വന്തമാക്കിയാണ് ഇന്ത്യയുടെ കുതിപ്പ്. അഹമ്മദാബാദിൽ നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇറാനെ 2-1നാണ് ടീം തോൽപിച്ചത്. കളിയുടെ 19ാം മിനിറ്റിൽ നേടിയ ഗോളുമായി ഇറാൻ നേരത്തെ ലീഡ് ചെയ്തുവെങ്കിലും ആദ്യ പകുതിയുടെ ഇഞ്ചുറിടൈമിൽ ഇന്ത്യ ഒപ്പമെത്തി. 46ാം മിനിറ്റിൽ ഡലലാൽമൗൺ ഗാങ്തെ പെനാൽറ്റിയിലൂടെയാണ് ആദ്യം ഗോൾ നേടിയത്. 52ാം മിനിറ്റിൽ ഗൺലിബ വാങ്ഖെർപാം വിജയ ഗോളും കുറിച്ചു. ഇന്ത്യയും ഇറാനും ഏഴ് പോയന്റ് നേടി ഒപ്പമായതോടെ ഗോൾ വ്യത്യാസത്തിലെ മികവ് ഇന്ത്യക്ക് ഏഷ്യാകപ്പ് ബർത്തുറപ്പിച്ചു. സമനിലയോടെ യോഗ്യത ഉറപ്പാക്കാമായിരുന്ന ഇറാൻ അവസാന മിനിറ്റുകളിൽ ശക്തമായി ആക്രമിച്ചു കളിചചുവെങ്കിലും പ്രതിരോധം ശക്തമാക്കി, ഏകോപനത്തോടെ കളിച്ചായിരുന്നു കൗമാര സംഘം വിജയം ഉറപ്പിച്ചത്.
മേയ് മാസത്തിൽ സൗദി അറേബ്യയിലാണ് അണ്ടർ 17 ഏഷ്യൻ കപ്പ് മത്സരങ്ങൾ.ഇന്ത്യൻ സീനിയർ ടീം ഏഷ്യൻ കപ്പ് യോഗ്യത നേടനാവാതെ, ബംഗ്ലാദേശിനോട് പോലും തോറ്റ് നാണംകെട്ടപ്പോഴാണ് കുട്ടികൾ ചരിത്രമെഴുതി മുന്നേറുന്നത്.

