ഇത് ചെയ്തവർ ആരായാലും അവരെ തിരഞ്ഞുപിടിച്ച് നടപടി എടുത്തിരിക്കും, തീർച്ച! -ചെന്നിത്തല

ആലപ്പുഴ: പേരമ്പ്രയിൽ ഷാഫി പറമ്പിൽ എം.പി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും നേരെ നടന്ന പൊലീസ് അതിക്രമത്തിൽ രൂക്ഷ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ന് രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുന്ന പൊലീസിലെ ഈ തെമ്മാടികൾ ഒരു കാര്യം ഓർക്കണമെന്നും സർവീസിൽനിന്ന് പെൻഷൻ പറ്റിപ്പിരിയാമെന്ന് മോഹിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘ഇത് ചെയ്തവർ ആരായാലും അവരെ തിരഞ്ഞുപിടിച്ച് നടപടികൾ എടുത്തിരിക്കും. തീർച്ച! ഇത് കോൺഗ്രസിന്റെ വാക്കാണ്!’ -മർദനമേറ്റവരുടെ ചിത്രങ്ങൾ പങ്കുവെച്ച് അദ്ദേഹം വ്യക്തമാക്കി. ‘ഇന്നലെ പേരാമ്പ്രയിൽ നടന്ന മൃഗീയമായ പോലീസ് മർദനത്തിന്റെ കാഴ്ചയാണിത്. ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. രാകേഷിനെയും പാർട്ടി നേതാക്കളായ നിയാസിനെയും അഷ്റഫിനെയും ആണ് ഈ വിധത്തിൽ അടിച്ചു തകർത്തത്. ഷാഫി പറമ്പിലിനെ മർദിച്ച അതേ പോലീസ് അതിമൃഗീയമായി ഈ ചെറുപ്പക്കാരുടെ തലയടിച്ച് തകർക്കുകയായിരുന്നു. ക്രിമിനൽ മനസ്സുള്ള പൊലീസുകാർക്ക് മാത്രമേ ഇത്തരത്തിൽ ചെയ്യാനാകു. തലയിൽ അടിക്കരുത് എന്ന പോലീസ് മാനുവലിന്റെ നിർദ്ദേശങ്ങളെ കാറ്റിൽ പറത്തി അതിമാരകമായി പരിക്കേൽപ്പിക്കണം എന്ന ഉദ്ദേശത്തോടെ തന്നെ ചെയ്തതാണിത്. ഞാൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് തലയ്ക്കടിക്കരുതെന്ന് പൊലീസിന് കർശന നിർദേശം നൽകിയിരുന്നതാണ്. അത് തെറ്റിക്കുന്ന പൊലീസുകാർക്കെതിരെ കർശന നടപടിയുമെടുത്തിരുന്നു. ഇന്ന് രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുന്ന പോലീസിലെ ഈ തെമ്മാടികൾ ഒരു കാര്യം ഓർക്കണം. സർവീസിൽനിന്ന് പെൻഷൻ പറ്റിപ്പിരിയാമെന്ന് മോഹിക്കരുത്. ഇത് ചെയ്തവർ ആരായാലും അവരെ തിരഞ്ഞുപിടിച്ച് നടപടികൾ എടുത്തിരിക്കും. തീർച്ച! ഇത് കോൺഗ്രസിന്റെ വാക്കാണ്!’ -രമേശ് ചെന്നിത്തല പറഞ്ഞു. പേരാമ്പ്രയിൽ കണ്ണീർവാതക പ്രയോഗത്തിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റതെന്നായിരുന്നു പൊലീസ് അവകാശപ്പെട്ടത്.എന്നാൽ, ഈ വാദം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. പ്രവർത്തകർ അടക്കമുള്ള ആൾക്കൂട്ടം നോക്കി നിൽക്കെ ഷാഫിയെ പൊലീസ് ലാത്തി ഉപയോഗിച്ച് ആവർത്തിച്ച് അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പേരാമ്പ്രയിൽ ഇന്നലെ യു.ഡി.എഫ് നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തപ്പോൾ അനുനയിപ്പിക്കാനെത്തിയതാണ് ഷാഫി പറമ്പിൽ അടക്കമുള്ള നേതാക്കൾ. ഇതിനിടെ, മുഖാമുഖം നിന്ന പൊലീസുകാർ ഷാഫിയുടെ തലയ്ക്കും മുഖത്തും ലാത്തികൊണ്ട് ആവർത്തിച്ച് അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ലാത്തി ഉയരുന്നതും ഷാഫി പറമ്പിലിന്റെ തലയിലും മുഖത്തും അടി കൊള്ളുന്നതും ഇതിലുണ്ട്. എന്നാൽ, മർദിച്ചി​ട്ടില്ലെന്നും ടിയർ ഗ്യാസ് പൊട്ടിച്ചപ്പോൾ രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റതാകാം എന്നുമാണ് പൊലീസ് പറഞ്ഞത്. ഈ വാദം തികച്ചും തെറ്റാണെന്ന് തെളിയിക്കുന്നതാണ് വിഡിയോ ദൃശ്യം. ഷാഫി പറമ്പിലിന്റെ തലയ്ക്കും മുഖത്തും പൊലീസ് ലാത്തി ഉപയോഗിച്ച് മനഃപൂർവം മർദിച്ചെന്ന് ഇന്നലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button