കൃഷിനാശം വരുത്തിയ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു
ആമ്പല്ലൂർ: അളഗപ്പനഗർ പഞ്ചായത്തിലെ പാടശേഖരങ്ങളിൽ കൃഷിനാശം വരുത്തിയ രണ്ട് കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. തെക്കേക്കര, പുളിഞ്ചോട്, വരാക്കര പാടശേഖരത്തിലും മറ്റു കൃഷി സ്ഥലങ്ങളിലും ഇറങ്ങിയ പന്നികളെയാണ് വ്യാഴാഴ്ച പുലർച്ചെ വെടിവെച്ച് കൊന്നത്. പഞ്ചായത്ത് നിയോഗിച്ച അംഗീകൃത ഷൂട്ടറായ സുദർശൻ മത്തോളിയാണ് പന്നികളെ വെടിവെച്ചത്. വാർഡ് മെമ്പർ സിനി ബിജു, കർഷകരായ രാജു കിഴക്കൂടൻ, എം.എൻ. ശശീധരൻ, എൻ.കെ. പ്രദീപ് എന്നിവർ ദൗത്യത്തിൽ പങ്കാളികളായി. പ്രദേശത്ത് ആളൊഴിഞ്ഞ പറമ്പുകളിൽ പെറ്റുപെരുകുന്ന കാട്ടുപന്നികൾ രാത്രി കൃഷി നശിപ്പിക്കുന്നത് പതിവാണെന്ന് കർഷകർ പറഞ്ഞു. വെടിവെച്ച് കൊന്ന പന്നികളെ പിന്നീട് മണ്ണെണ്ണ ഒഴിച്ച് കുഴിച്ചുമൂടി. തുടർന്നുള്ള ദിവസങ്ങളിൽ പന്നികളെ തുരത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രൻ അറിയിച്ചു.





