രാജ്യത്ത് പെട്രോള്‍, ഡീസല്‍ ക്ഷാമമുണ്ടാകുമോ? കേന്ദ്രത്തിൻ്റെ വിശദീകരണം ഇങ്ങനെ
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് ഊര്‍ജവിതരണം പ്രതിസന്ധിയിലായത് സാധാരണക്കാരെ ഉള്‍പ്പെടെ ബാധിച്ചിരിക്കുകയാണ്. എല്‍പിജി വിതരണം കുറഞ്ഞതോടെ സിലിണ്ടറുകള്‍ക്ക് വന്‍ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇതോടൊപ്പം പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കും ക്ഷാമം വരുമെന്ന അഭ്യൂഹം പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയാണ്. 60 ദിവസത്തേക്കുള്ള എണ്ണ ഇന്ത്യ അധികമായി സംഭരിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. ഒരു മാസത്തേക്കുള്ള എല്‍പിജിയും ഉണ്ട്. ക്ഷാമമുണ്ടെന്ന പ്രചാരണം പരിഭ്രാന്തി സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണമാണെന്നും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം പറയുന്നു. ഗള്‍ഫ് ഇതര രാജ്യങ്ങളില്‍ നിന്ന് അസംസ്‌കൃത എണ്ണ എത്തുന്നുണ്ട്. എട്ടുലക്ഷം മെട്രിക് ടണ്‍ എല്‍പിജി എത്തിക്കൊണ്ടിരിക്കുകയാണ്. യുഎസ്, റഷ്യ, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് കപ്പലുകള്‍ പുറപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം വിശദീകരിക്കുന്നു. ഇന്ധനക്ഷാമമുണ്ടെന്ന തരത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അനാവശ്യമായ പരിഭ്രാന്തിയില്‍ ജനങ്ങള്‍ ഇന്ധനം വാങ്ങിക്കൂട്ടരുതെന്നും മന്ത്രാലയം പറഞ്ഞു. രാജ്യത്തെ ഒരു ലക്ഷത്തിലധികം വരുന്ന പെട്രോള്‍ പമ്പുകളില്‍ ആവശ്യത്തിന് സ്റ്റോക്കുണ്ട്. വിതരണത്തില്‍ യാതൊരു നിയന്ത്രണവുമില്ല. ആറ് ദിവസത്തെ സ്റ്റോക്ക് മാത്രമേയുള്ളൂ എന്ന പ്രചാരണം വ്യാജമാണെന്നും മന്ത്രാലയം പറഞ്ഞു. പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (പിഎന്‍ജി) പ്രോത്സാഹിപ്പിക്കുന്നത് എല്‍പിജി ക്ഷാമം ഉള്ളതുകൊണ്ടല്ല, മറിച്ച് അത് കൂടുതല്‍ സുരക്ഷിതവും ലാഭകരവുമായതിനാലാണെന്ന് മന്ത്രാലയം പറയുന്നു. വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും എല്ലാ പൗരന്മാര്‍ക്കും തടസ്സമില്ലാതെ ഊര്‍ജ്ജ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രം പറയുന്നു.





