നേപ്പാളിനെതിരെ ഒമ്പത് വിക്കറ്റിന്‍റെ ആധികാരിക ജയം; വിൻഡീസ് സൂപ്പർ എട്ടിൽ
മുംബൈ: ട്വന്‍റി20 ലോകകപ്പിൽ നേപ്പാളിനെ തകർത്ത് വെസ്റ്റിൻഡീസ് സൂപ്പർ എട്ട് റൗണ്ടിലേക്ക് യോഗ്യത നേടി. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് വിൻഡീസിന്റെ ആധികാരിക വിജയം. തോൽവിയോടെ നേപ്പാൾ ടൂർണമെന്റിൽനിന്ന് പുറത്തായി. സ്കോർ: നേപ്പാൾ – 20 ഓവറിൽ എട്ടിന് 133, വെസ്റ്റിൻഡീസ് -15.2 ഓവറിൽ ഒരുവിക്കറ്റ് നഷ്ടത്തിൽ 134. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നേപ്പാൾ ബാറ്റിങ് നിരക്ക് വെസ്റ്റിൻഡീസ് ബൗളർമാരുടെ കൃത്യതയാർന്ന ബൗളിങ്ങിന് മുന്നിൽ അടിപതറി. പവർപ്ലേയിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായ നേപ്പാൾ ഒരുഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 46 റൺസ് എന്ന നിലയിൽ തകർന്നു. ദീപേന്ദ്ര സിങ് ഐറി (58), സോംപാൽ കാമി (26) എന്നിവർ ചേർന്നുള്ള 54 റൺസിന്റെ കൂട്ടുകെട്ടാണ് നേപ്പാളിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. വെസ്റ്റിൻഡീസിന് വേണ്ടി ജേസൺ ഹോൾഡർ 27 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി. 134 റൺസ് എന്ന ചെറിയ ലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് വെറും 15.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ ഷായ് ഹോപ് പുറത്താകാതെ 61 റൺസ് (44 പന്തുകൾ) നേടി മുന്നിൽനിന്ന് നയിച്ചു. ഷിമ്രോൺ ഹെറ്റ്‌മെയർ 46 റൺസുമായി ഹോപ്പിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 91 റൺസ് കൂട്ടിച്ചേർത്തു. മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച ജേസൺ ഹോൾഡറാണ് കളിയിലെ താരം. തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കിയ വെസ്റ്റിൻഡീസ് സൂപ്പർ 8 ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട നേപ്പാളിന്റെ സൂപ്പർ എട്ട് പ്രതീക്ഷകൾ ഇതോടെ അസ്തമിക്കുകയും ചെയ്തു. വാംഖഡെ സ്റ്റേഡിയത്തിൽ ടി20 ലോകകപ്പ് മത്സരങ്ങളിൽ തങ്ങൾ തോറ്റിട്ടില്ലെന്ന റെക്കോഡ് വിൻഡീസ് നിലനിർത്തി. നേപ്പാളിന് ഇനി ഗ്രൂപ്പ് ഘട്ടത്തിൽ സ്കോട്ട്ലൻഡിനെതിരെ ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഇറ്റലിക്കെതിരെയാണ് വിൻഡീസിന്‍റെ അവസാന ഗ്രൂപ്പ് മത്സരം.





